മുൻ വൺപ്ലസ് സഹസ്ഥാപകൻ കാൾ പേയുടെ ടെക്‌നോളജി സ്റ്റാർട്ടപ്പ് പുറത്തിറക്കുന്ന ആദ്യ സ്‌മാർട്ട്‌ഫോൺ വരുന്നു. നത്തിങ് ഫോൺ (1) എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട്ഫോൺ ജൂലൈ 12 ന് ഇന്ത്യൻ സമയം രാത്രി 8.30ന് അവതരിപ്പിക്കും. ലണ്ടനിൽ നടക്കുന്ന പരിപാടിയിലാണ് ലോഞ്ച് , അവരുടെ വെബ്‌സൈറ്റയ nothing.techൽ പരിപാടി തത്സമയം കാണാം. ‘റിട്ടേൺ ടു ഇൻസ്‌റ്റിങ്ക്റ്റ്’ എന്ന പേരിലാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്.
“നത്തിങ്ങിന്റെ യാത്രയുടെ യഥാർത്ഥ തുടക്കം” ആണ് ലോഞ്ച് ഇവന്റ് എന്നും ഇത് “ഈ മേഖല ഞങ്ങളെ പഠിപ്പിച്ച എല്ലാ കാര്യങ്ങളും മറക്കാനുള്ള ക്ഷണം” ആയി കാണുന്നു എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഫ്ലിപ്പ്കാർട്ടിൽ ഫോൺ ലഭ്യമാകും, കമ്പനി അത് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. നത്തിങ് ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ ഉൽപ്പന്നമായിരിക്കും ഈ സ്മാർട്ട്ഫോൺ. ആദ്യത്തേത് നത്തിങ് ഇയർ (1) ടിഡബ്ള്യുഎസ് ബഡ്‌സ് ആയിരുന്നു. ഇതിനു മികച്ച റിവ്യൂ ആണ് ലഭിച്ചത്.
നത്തിങ് സ്‌മാർട്ട്‌ഫോൺ ക്വാൽകോം ചിപ്‌സെറ്റിലാണ് വരുന്നത്, എന്നാൽ ഇത് ടോപ്പ്-എൻഡ് സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ആണോ ജെൻ 1+ ആണോ എന്നത് വ്യക്തമല്ല. ഫോൺ (1) ൽ സ്നാപ്ഡ്രാഗൺ 7 ജെൻ 1 പ്രോസസറിൽ വരുമെന്നാണ് ചില റിപ്പോർട്ടുകൾ. ഫോണിന്റെ ഡിസൈനാണ് മറ്റു സ്മാർട്ഫോണുകളിൽ നിന്ന് ഫോണിനെ വേറിട്ടു നിർത്തുന്ന ഒന്ന്.
നത്തിങ് ഇയർ (1) ലെ പോലെ ട്രാന്സ്പരെന്റ് ഡിസൈൻ ആയിരിക്കും ഫോണിന് എന്നാണ് റിപ്പോർട്ടുകൾ, ഫോണിന്റെ ആന്തരിക ഘടകങ്ങൾ വ്യക്തമായി കാണാനാകുന്ന വിധത്തിലാകും ഡിസൈൻ. ഫോണിൽ വയർലസ് ചാർജിങ് സംവിധാനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആൻഡ്രോയിഡ് 12-ന് മുകളിൽ നത്തിങ് ഓഎസിൽ ആവും ഫോൺ പ്രവർത്തിക്കുക. ആൻഡ്രോയിഡ് 11-ലും അതിനുമുകളിലും പ്രവർത്തിക്കുന്ന എല്ലാ ഫോണുകൾക്കുമായി കമ്പനി നത്തിങ് ലോഞ്ചറിന്റെ ബീറ്റ പതിപ്പ് അവതരിപ്പിച്ചിരുന്നു. 500 യൂറോ (ഏകദേശം 41,519 രൂപ) വിലവരുന്ന ഫോൺ ജൂലൈ 21-ഓടെ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
Also Read: ഐഫോൺ വാങ്ങാൻ പ്ലാനുണ്ടോ?, 60,000ൽ താഴെ വില വരുന്ന മികച്ച ഡീലുകൾ ഇതാ