ഒരു കാലത്ത് നോക്കിയ എന്ന ബ്രാൻഡിനപ്പുറം മൊബൈൽ ഉണ്ടായിരുന്നില്ല. എന്നാൽ ആൻഡ്രോയിഡ് ഫോണുകൾ രംഗപ്രവേശം ചെയ്തതോടെ കാലത്തിനൊപ്പം മാറാതിരുന്ന നോക്കിയ വിപണിയിൽ ഏറെ പിന്നിലേക്ക് പോയി. എന്നാൽ ഇന്നും നോക്കിയയുടെ ഫോണുകളുടെ ശേഷിയെ കുറിച്ച് ഉപഭോക്താക്കൾ വാചാലരാണ്. ആൻഡ്രോയിഡ് വിപണിയിലേക്ക് നോക്കിയ മടങ്ങിയെത്തുന്പോൾ ആ ഫോണുകൾക്കായി കാത്തിരിക്കുന്നവരും ഏറെ.
സ്പെയിനിലെ ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ നോക്കിയ തങ്ങളുടെ മൂന്ന് ആൻഡ്രോയിഡ് ഫോണുകളും പുറത്തിറക്കിയിരിക്കുകയാണ്. സമ്മേളനം തുടങ്ങുന്നതിന് തൊട്ട് മുൻപാണ് നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നീ ആൻഡ്രോയിഡ് ഫോണുകളുടെ വിപണി പ്രവേശനം കന്പനി പ്രഖ്യാപിച്ചത്. ആൻഡ്രോയിഡ്, ഗൂഗിൽ പ്ലേ എന്നിവയുടെ വൈസ് പ്രസിഡന്റായ ജാമി റോസൻബർഗ് നോക്കിയയുടെ പുതിയ പ്രവേശനം സ്വാഗതം ചെയ്തു.
നോക്കിയ 6
23 സെക്കൻഡുകൾക്കുള്ളിൽ ആദ്യ ഘട്ടത്തിൽ ഉൽപ്പാദിപ്പിച്ച നോക്കിയ 6 ഫോണുകൾ മുഴുവനും വിറ്റഴിക്കപ്പെട്ടെന്നാണ് കന്പനിയുടെ അവകാശവാദം. ലോകത്താകമാനമുള്ള വിപണിയിലേക്കാണ് നോക്കിയ 6 ഇറങ്ങിയത്. 5.5 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള ഫോണിന് ക്വാൽകം സ്‌നാപ് ഡ്രാഗൺ 430 ചിപ് സെറ്റ്, 3 ജിബി റാം, 16 മെഗാ പിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ മുൻ ക്യാമറ ആൻഡ്രോയിഡ് നോഗട്ട് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് ആകർഷണം. നോക്കിയ 6 ന്റെ ലിമിറ്റഡ് എഡിഷനായ ആർട് ബ്ലാക്കിന് 299 യൂറോയാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്. എതാണ്ട് 21000 ഇന്ത്യൻ രൂപ. പിയാനോ ബ്ലാക്കിലുള്ള ഈ ഫോണിന് 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമാണുള്ളത്. അതേസമയം സ്റ്റാന്റേർഡ് വിഭാഗത്തിന് 229 യൂറോ (₹16200) ആണ് വില.
നോക്കിയ 5
നോക്കിയ 6 ന്റെ ഇടത്തരം പതിപ്പായ നോക്കിയ 5 ന് 5.2 ഇഞ്ച് ഫുൾ എച്ച്.ഡി. ഡിസ്‌പ്ലേയാണ്. 2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജുമാണ്. 13 മെഗാപിക്സൽ പിൻ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയും ഫോണിന് ഉണ്ട്. 3000 എംഎഎച്ച് ആണ് ബാറ്ററി. കോപ്പർ, ബ്ലാക്ക്, സിൽവർ, ബ്ലൂ നിറങ്ങളിൽ ഫോണുകൾ ലഭിക്കും. യൂറോപ്യൻ വിപണിയിലെ 189 യൂറോ എന്ന വില ഇന്ത്യൻ വിപണിയിലെത്തുന്പോൾ 14000 രൂപയാകുമെന്നാണ് കരുതപ്പെടുന്നത്.
നോക്കിയ 3
ഇപ്പോൾ നോക്കിയ പുറത്തിറക്കിയിരിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ ഏറ്റവും കുഞ്ഞൻ പതിപ്പാണ് നോക്കിയ 3. യൂറോപ്യൻ വിപണിയിൽ 129 യൂറോ (ഏകദേശം 9500 ഇന്ത്യൻ രൂപ) യാണ് ഫോണിന്റെ വില. 2 ജിബി റാമുള്ള ഫോണിന് അഞ്ച് ഇഞ്ച് ആണ് ഡിസ്‌പ്ലേ. അലുമിനിയത്തിന്റെ പുറംചട്ടയോടെയാണ് മറ്റ് രണ്ട് ഫോണുകളും വരുന്നതെങ്കിലും നോക്കിയ 3 ന് ഉള്ളത് പോളി കാർബണേറ്റ് ബോഡിയാണ്. അതേസമയം അലുമിനിയത്തിന്റെ ആവരണം ഇതിനുണ്ട്. മുന്നിലും പിന്നിലും 8 മെഗാപിക്സൽ ക്യാമറയാണ് ഫോണിന്റെ സവിശേഷതകളിൽ മറ്റൊന്ന്.