ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിയുടെ ബജറ്റ് റേഞ്ചിൽ തരംഗമാകാൻ നോക്കിയ. തങ്ങളുടെ ബജറ്റ് റേഞ്ചിലുള്ള 4ജി സ്മാർട്ഫോൺ സി12വാണ് എച്ച്എംഡി ഗ്ലോബൽ ഇപ്പോൾ ഔദ്യോഗികമായി പുറത്തിറക്കിയത്. ആൻഡ്രോയിഡ് 12 ഗോ എഡിഷൻ അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ഫോൺ സ്റ്റോക്ക് ആൻഡോയിഡ് യുഐ പെർഫോമെൻസും കുറഞ്ഞ ഊർജ്ജ ഉപഭോഗവും വാഗ്ദാനം ചെയ്യുന്നു. 5,999 രൂപയ്ക്ക് മാർച്ച് 17 മുതൽ ആമസോണിൽ ഫോൺ വിൽപനയ്ക്കെത്തും.
60Hz റിഫ്രഷ് റേറ്റ് ഉള്ള 6.3 ഇഞ്ച് എച്ച്ഡി+ റെസല്യൂഷൻ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. ഡാർക്ക് സിയാൻ, ചാർക്കോൾ, ലൈറ്റ് മിന്റ് നിറങ്ങളിൽ വരുന്ന സ്മാർട് ഫോണിന് പ്ലാസ്റ്റിക് ഫ്രെയിമും ബാക്ക് പാനലും ഉണ്ട്. അപ്രതീക്ഷിതമായി താഴെ വീണുപോകുന്ന സാഹചര്യങ്ങളിൽ അവ അധിക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഒരു വർഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരണ്ടിയും ഫോൺ നൽകുന്നുണ്ട്.
ഒക്റ്റാ കോർ (Unisoc 9863A1) പ്രോസസറാണ് നോക്കിയ സി12 ഉള്ളത്. 2ജിബി റാമും 64ജിബി ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഫോണിൽ മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ അധിക സ്റ്റോറേജ് വിപുലീകരിക്കാൻ സാധിക്കും. ഉപകരണം വയർഡ്, വയർലെസ് എഫ്എം റേഡിയോയെ പിന്തുണയ്ക്കുന്നു.
ഫേസ് അൺലോക്കിനൊപ്പം പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ് തുടങ്ങിയ ഫീച്ചറുകൾക്ക് നൽകുന്ന സെൽഫി ക്യാമറ 5 എംപിയാണ്. ഫോണിന്റെ പിൻ ക്യാമറ 8 എംപിയാണ്. കൂടാതെ, 30 ശതമാനം വേഗത്തിലുള്ള ആപ്പ് ഓപ്പണിംഗ് സ്പീഡിൽ ഒപ്റ്റിമൈസ് ചെയ്ത സോഫ്റ്റ്‌വെയർ അനുഭവവും ഈ സ്മാർട് ഫോൺ പ്രദാനം ചെയ്യുന്നു.
5 വോൾട്ട് ചാർജിംഗിനുള്ള പിന്തുണയോടെ 3,000 എംഎഎച്ച് ബാറ്ററിയുമായാണ് നോക്കിയ സി12 എത്തുന്നത്. നനവിനും പൊടിയ്ക്കും എതിരെ സ്മാർട്ഫോണിനെ ഐപി52 റേറ്റുചെയ്തിട്ടുണ്ട്. ആഗോള ലോഞ്ച് തീയതി മുതൽ രണ്ടു വർഷത്തെ സെക്യൂരിറ്റി പാച്ച് ലഭിക്കും. ആൻഡ്രോയിഡ് അപ്ഡേറ്റിനെക്കുറിച്ച് വിവരം ലഭ്യമായിട്ടില്ല.
ദിവസങ്ങൾക്ക് മുൻപാണ് നോക്കിയ അതിന്റെ അറുപത് വർഷം പഴക്കമുള്ള ബ്രാൻഡ് ലോഗോ മാറ്റുന്നതിനെക്കുറിച്ചുള്ള തീരുമാനം അറിയിച്ചത്. സ്മാർട് ഫോൺ ശ്രേണിയിലെ മത്സരങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം.
“നോക്കിയ” എന്ന വാക്കിൽ ഓരോന്നും അഞ്ച് വ്യത്യസ്ത രൂപങ്ങളായി വരുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയുടെ നിറമായിരുന്ന നീല പൂർണമായും ഉപേക്ഷിച്ച് നിരവധി നിറങ്ങളുടെ ഒരു സംയോജനമാണ് പുതിയ ലോഗോയിലുള്ളത്.