നോക്കിയ 8110 4ജി മോഡലിന്റെ വിൽപ്പന തുടങ്ങി. ബനാന ഫോൺ എന്ന് പേരിട്ട് വിളിച്ചിരുന്ന നോക്കിയ 8110 ഫോണിന്റെ 4ജി മോഡൽ നോക്കിയ 3.1നൊപ്പമാണ് പ്രഖ്യാപിച്ചത്. നോക്കിയ 8110 4ജി രാജ്യത്തിലുടനീളമുള്ള വിപണന കേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് എച്ച്എംഡി ഗ്ലോബൽ അറിയിച്ചു. നോക്കിയയുടെ ഓൺലൈൻ വിൽപന സൈറ്റായ നോക്കിയ ഡോട് കോമിലും നോക്കിയ 8110 4ജി ലഭ്യമാകും.
നോക്കിയ 8110 4ജി വോൾട്ട് ഫോണിന്റെ വില 5,999 രൂപയാണ്. ബനാന യെല്ലോ, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ ലഭിക്കുന്നത്. ലോഞ്ച് പ്രമാണിച്ച് ജിയോ ഡിജിറ്റൽ ലൈഫ് ഉപഭോക്താകൾക്ക് 544ജിബി ജിയോ 4ജി ഡാറ്റാ സൗജന്യമായ് ലഭിക്കും
ബനാന ഫോൺ എന്നറിയപ്പെടുന്ന നോക്കിയ 8110ന് 2.45 ഇഞ്ച് ക്യുവിജിഎ കളർ ഡിസ്‌പ്ലേ, സ്ലൈഡ്-ഔട്ട് കീബോർഡ്, ക്യുവൽകോം സ്നാപ്ഡ്രാഗൺ 205 ഡ്യുവൽ-കോർ പ്രൊസ്സസർ, 512 എംബി റാം, 4ജിബി ഇന്റേണൽ മെമ്മറി എന്നീ സൗകര്യങ്ങളുമുണ്ട്.
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, യൂട്യൂബ്, ട്വിറ്റർ, ഗൂഗിൾ മാപ്പ് തുടങ്ങിയ ആപ്പുകൾ നോക്കിയ 8110-ൽ പ്രവർത്തിക്കും. 1500എംഎഎച്ച് ബാറ്ററി, 2എംപി പിൻ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.