എച്ച്എംഡി ഗ്ലോബൽ വിപണിയിലേക്ക് പുതിയ ആൻഡ്രോയിഡ് ഫോണുമായ് എത്തുകയാണ്. നോക്കിയ 8.1 എന്ന് പേരിൽ പുറത്തിറക്കുന്ന സ്മാർട്ഫോണിലൂടെ മിഡ് റെയ്ഞ്ച് സെഗ്മെന്റിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് എച്ച്എംഡി ഗ്ലോബൽ. ഡിസംബർ 15ന് യുഎഇ വിപണിയിലാണ് നോക്കിയ 8.1 അവതരിപ്പിക്കുന്നത്. 1,499 ദിർഹം (28,805 രൂപ) ആണ് യുഎഇ വിപണിയിൽ ഫോണിന്റെ വില. ഡിസംബർ 20 മുതൽ മറ്റു അറബ് രാജ്യങ്ങളിലും നോക്കിയ 8.1 വിപണിയിലെത്തും.
ബ്ലൂ/സിൽവർ, സ്റ്റീൽ/കോപ്പർ, അയൺ/സ്റ്റീൽ എന്നീ നിറങ്ങളിലാണ് നോക്കിയ 8.1 എത്തുന്നത്. നോക്കിയ എക്സ്7ന്റെ സ്പെസിഫിക്കേഷനുകളുമായി സാമ്യമുണ്ട് നോക്കിയ 8.1ന്.
നോക്കിയ 8.1ന് ഫുൾ എച്ച്ഡി 6.18 ഇഞ്ച് പ്യുവർഡിസ്‌പ്ലെയാണുള്ളത്. ആസ്പെക്ട് റേഷ്യോ 18:7:9, എച്ച്ഡിആർ സ്പോർട്ട് എന്നിവയും നോക്കിയ 8.1ന് ഉണ്ട്. ക്യുവൽക്കോം സ്നാപ്ഡ്രാഗൺ 710 പ്രോസസ്സർ, 4ജിബി റാം, 64ജിബി ഇൻ-ബിൽറ്റ് സ്റ്റോറേജ്, 18വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യമുള്ള 3,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് നോക്കിയ 8.1ന്റെ സവിശേഷതകൾ.
പ്രമുഖ ലെൻസ് നിർമ്മാതാക്കളായ സീസ്സ് ഒപ്റ്റിക്കസിന്റെ ഡ്യുവൽ ക്യാമറയാണ് നോക്കിയ 8.1നുള്ളത്. 12 മെഗാപിക്സൽ പ്രൈമറി സെൻസർ, 13 മെഗാപിക്സൽ സെക്കൻഡറി സെൻസർ അടങ്ങിയ ഡ്യുവൽ റിയർ ക്യാമറ. ഫ്രണ്ട് ക്യാമറ 20 മെഗാപിക്സലാണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ക്യാമറയാണ് നോക്കിയ 8.1ന്.
ആൻഡ്രോയിഡ് 9 പൈ ഔട്ട്-ഓഫ്-ദി-ബോക്സാണ് നോക്കിയ 8.1ന്റെ ഓപ്പറേറ്റിങ് സിസ്റ്റം.