ന്യൂഡെല്‍ഹി: ഏറെയായി കാത്തിരുന്ന നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ ഇനി നിങ്ങളുടെ കയ്യില്‍ എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ്ങ് കമ്പനിയായ ഈബേയില്‍ നോക്കിയ 6 ബുക്കിങ്ങ് ചെയ്യാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഈബേയില്‍ ഇതിന്റെ വില 32,440 രൂപയാണ്. ഫോണ്‍ ബുക്ക് ചെയ്താല്‍ 25 ദിവസം കഴിഞ്ഞു മാത്രമേ ലഭിക്കൂ. കാത്തിരിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വാങ്ങുക എന്ന ടാഗ്‍ലൈനോടെ ആണ് ഇബെയില്‍ നോക്കിയ 6 വില്‍പ്പനയ്ക്ക് എത്തുന്നത്.
നോക്കിയയുടെ ആദ്യത്തെ ആൻഡ്രോയ്ഡ് സ്മാർട്‌ഫോൺ ആണ് നോക്കിയ 6. ആൻഡ്രോയിഡിന്റെ പുതിയ ഒഎസ് പതിപ്പായ ആൻഡ്രോയിഡ് നുഗട്ടിലാണ് നോക്കിയ 6 പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് ഫുൾ എച്ച്ഡിയിൽ വലിയ സ്‌ക്രീൻ ആണ് ഫോണിന്. 2.5 ഡി ഗൊറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനു നൽകിയിരിക്കുന്നു.
കൂടാതെ 403 പിപിഐ പിക്‌സൽ സാന്ദ്രതയാണ് ഡിസ്‌പ്ലേയുടെ സവിശേഷത. ഇനി ബാറ്ററി പ്രശ്‌നവും ഇതോടെ അവസാനിക്കും. 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനു ഊർജം പകരുന്നത്.
16 മെഗാപിക്‌സൽ ആണ് പിൻകാമറ. ഫ് ളാഷോടു കൂടിയാണ് കാമറ. 8 മെഗാപിക്‌സൽ ഫ്രണ്ട് കാമറ സെൽഫികൾക്ക് കൂടുതൽ വ്യക്തത നൽകും. ഡ്യുവൽ സിം സൗകര്യവും ഫോണിലുണ്ട്. ഒരു ജിഎസ്എം സിമ്മും ഒരു സിഡിഎംഎ സിമ്മും ഒരേസമയം ഉപയോഗിക്കാം. സ്റ്റോറേജിന്റെ കാര്യത്തിൽ പുലിയാണ് നോക്കിയ 6. 4ജിബി റാം ആണ് ഫോണിന്റെ കരുത്ത്. 64 ജിബി ഇന്റേണൽ മെമ്മറിയും ഉണ്ട്. എസ്ഡി കാർഡ് വഴി 128 ജിബി വരെ മെമ്മറി വർധിപ്പിക്കുകയും ആകാം.
3ജി, 4ജി, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബിഒടിജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകൾ. അലുമിനിയം മെറ്റാലിക് ബോഡിയാണ് നോക്കിയ 6ന് രൂപഭംഗി നൽകുന്നത്. സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് സ്‌കാനറും ഫോണിലുണ്ട്.
നോക്കിയ 6 എന്ന ഫോണിലൂടെ വരവറിയിച്ച നോക്കിയ വൈകാതെ തന്നെ മറ്റ് രണ്ട് ഫോണുകളും കൂടി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 26ന് ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിലാവും പുതിയ ഫോണുകൾ പുറത്തിറക്കുക. നോക്കിയ 3,5 എന്നീ ഫോണുകളാവും കമ്പനി പുറത്തിറക്കുകയെന്നാണ് റിപ്പോർട്ടുകൾ.