നോക്കിയയുടെ പുതിയ ക്ലാസിക് ഫോണ്‍ എച്ച്.എം.ഡി ഗ്ലോബല്‍ അവതരിപ്പിച്ചു. 2013ല്‍ പുറത്തിറക്കിയ നോക്കിയ 106ന്റെ റീബ്രാന്‍ഡ് ചെയ്ത മോഡലാണ് അവതരിപ്പിച്ചത്. റഷ്യയിലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. ഇന്ത്യയിലും താമസിയാതെ ഫോണ്‍ ലഭ്യമാകും. ഏകദേശം 1700 രൂപ മാത്രമായിരിക്കും ഫോണിന് വില.
വളഞ്ഞ വശങ്ങളോട് കൂടിയ ഡിസൈനിലാണ് ഫോണ്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രേ കളറില്‍ പോളികാര്‍ബനേറ്റ് ബോഡിയോട് കൂടിയാണ് ഫോണുളളത്. പോറലുകള്‍ ഏല്‍ക്കുന്നതില്‍ നിന്നും ഫോണിന് കൂടുതല്‍ സുരക്ഷ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസൈനിലും നോട്ടത്തിലും അടിമുടി മാറ്റം വരുത്തിയ നോക്കിയ 106ല്‍ കോണ്ടാക്ട് സേവ് ചെയ്യാനുളള കപ്പാസിറ്റിയും കൂട്ടിയിട്ടുണ്ട്. 2000ത്തോളം കോണ്ടാക്ടുകളാണ് സേവ് ചെയ്യാന്‍ പറ്റുക. പഴയ 106 മോഡലില്‍ 500 കോണ്ടാക്ടുകള്‍ മാത്രമാണ് സേവ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.
പഴയ പാമ്പ് ഗെയിമും ഫോണില്‍ അടങ്ങിയിട്ടുണ്ട്. നിട്രോ റേസിങ്, ഡെയ്ഞ്ചര്‍ ഡാഷ് ആന്റ് ടെട്രിസ് എന്നീ ഗെയിമുകളും ഉണ്ട്. 500ഓളം സന്ദേശങ്ങളാണ് ഫോണില്‍ സേവ് ചെയ്യാന്‍ കഴിയുക. 1.18 ഇഞ്ച് ക്യു.ക്യു.വി.ജി.എ ഡിസ്പ്ലെ, 70.2 ഗ്രാം ഭാരം, 800 എംഎഎച്ച് ബാറ്ററി എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. 15 മണിക്കൂറോളമാണ് ബാറ്ററി നീണ്ടുനില്‍ക്കുക. മീഡിയാടെകിന്റെ എം.ടി.കെ 6216ഡി പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 എംബിയാണ് റാം. ഇരട്ട സിമ്മുകള്‍ ഫോണില്‍ ഉപയോഗിക്കാം. എല്‍ഇഡി ഫ്ലാഷ് ലൈറ്റ്, എഫ് എം റേഡിയോ എന്നിവയും ഫോണിലുണ്ട്.