പൂണെ: ആപ്പ് അധിഷ്‌ഠിത ടാക്‌സി സേവനമായ യൂബറിലെ ക്യാൻസലേഷനുകളുടെ എണ്ണം കൂടുന്നതിനാൽ മെട്രോ നഗരങ്ങളിലെ യാത്രക്കാർ നിരാശരാണ്. പല യൂബർ ഉപയോക്താക്കളും ഇതിനകം തന്നെ നിരാശപ്രകടിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കായി യൂബർ വിളിക്കുമ്പോൾ ഡ്രൈവർമാർ റൈഡ് ക്യാൻസൽ ചെയ്യുന്നത് പലപ്പോഴും ബുദ്ധിമുട്ടായിട്ടുണ്ടെന്ന് പറയുകയാണ് ഗുഡ്ഗാവിലെ കമ്മ്യൂണിക്കേഷൻ പ്രൊഫഷണലായ ഗീതിക സച്ച്ദേവ്. ഒരു മീറ്റിങ്ങിനു പോകാൻ ഇറങ്ങിയപ്പോൾ യൂബർ ഡ്രൈവർമാർ റൈഡ് ക്യാൻസൽ ചെയ്തതിനാൽ അതിൽ പങ്കെടുക്കാൻ കഴിയാതെ പോയ അനുഭവം അവർ ഇന്ത്യൻ എക്സ്പ്രസുമായി പങ്കുവച്ചു. എന്തെങ്കിലും അപകടം പറ്റിയിട്ടാണ് യൂബർ വിളിക്കുന്നതെങ്കിൽ, അപ്പോൾ അവർ ഇങ്ങനെ ചെയ്താൽ എന്താകുമെന്നും അവർ ചോദിക്കുന്നു.
കോളേജിലെത്താൻ യൂബർ സേവനങ്ങളെ വളരെയധികം ആശ്രയിക്കുന്ന പൂണെയിലെ ഡെന്റൽ വിദ്യാർത്ഥി യുനേസ ക്യൂവിനും പറയാനുള്ളത് സമാന അനുഭവമാണ്, ടാക്സി സേവനങ്ങൾ ഓട്ടോകളേക്കാൾ മോശമാണെന്ന് അവർ പറയുന്നു. ഇന്ത്യയിലെ മറ്റ് നിരവധി യാത്രക്കാരും സമാനമായ സംഭവങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പരാതിപ്പെടുന്നുണ്ട്. എന്നാൽ പുതിയ പോളിസിയിലൂടെ പരാതികളെ മറികടക്കാനുള്ള ശ്രമത്തിലാണ് യൂബർ.
ഇറക്കേണ്ട ലൊക്കേഷനുകളോ ഓൺലൈൻ പേയ്‌മെന്റോ (കാർഡ് അല്ലെങ്കിൽ യുപിഐ) ആണ് ഇത്തരം ക്യാൻസലേഷനുകളുടെ പ്രധാന കാരണങ്ങൾ, റൈഡ് തിരഞ്ഞെടുത്ത ശേഷം മാത്രം ഇവയിൽ വ്യക്തത ലഭിക്കുന്ന ഡ്രൈവർമാർ തങ്ങൾക്ക് ഓക്കെ അല്ലെങ്കിൽ ഒഴിവാക്കുകയാണ് പതിവ്. എന്നാൽ പുതിയ മാറ്റത്തിലൂടെ ഈ വിവരങ്ങൾ ആദ്യം തന്നെ ഡ്രൈവർമാർക്ക് നൽകാനാണ് യുബർ ലക്ഷ്യമിടുന്നത്. അതുമൂലം ആദ്യമേ ഇവ കണ്ട് റൈഡ് ആക്സപ്റ്റ് ചെയ്യണമോ എന്ന് തീരുമാനിക്കാൻ അവർക്ക് കഴിയും.
“റൈഡർമാർക്കും ഡ്രൈവർമാർക്കും ഒരുപോലെയുണ്ടാകുന്ന നിരാശ ഇല്ലാതാക്കാൻ, റൈഡ് സ്വീകരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങൾ ഡ്രൈവർമാർക്ക് ഡെസ്റ്റിനേഷനുകൾ കാണിക്കുന്നു. ഇത് ഇപ്പോൾ 20 നഗരങ്ങളിൽ ലഭ്യമാണ്, ഇത് മറ്റെല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കും, ”യൂബർ ഇന്ത്യയുടെ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ നിതീഷ് ഭൂഷൺ ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.
യാത്രക്കാരെ കയറ്റാൻ അവരുടെ റൂട്ടിൽ നിന്ന് മാറിപോകാൻ ഡ്രൈവർമാർ ആഗ്രഹിക്കുന്നില്ല. ഇത് പരിഹരിക്കുന്നതിനായി, ഡ്രൈവർമാർക്ക് യാത്രക്കാരെ എടുക്കാൻ ദീർഘദൂരം സഞ്ചരിക്കേണ്ടി അതിന് അധിക വരുമാനവും യൂബർ അവതരിപ്പിച്ചിട്ടുണ്ട്.
“ദൈർഘ്യമേറിയ പിക്ക്-അപ്പുകൾക്കുള്ള ഫീ, നിരക്കിൽ പ്രത്യേകം പ്രദർശിപ്പിച്ചിട്ടുണ്ടാകും. ഡ്രൈവർമാർ കുറവായിരിക്കുമ്പോൾ, ആവശ്യക്കാർ കൂടുതലായിരിക്കുമ്പോൾ, എവിടേക്കും പോകാനാകും,” ഭൂഷൺ കൂട്ടിച്ചേർത്തു.
റൈഡ് തിരഞ്ഞടുക്കുമ്പോൾ തന്നെ പണം നൽകുന്നത് ക്യാഷിലാണോ അതോ ഓൺലൈനിലാണോ എന്ന് അറിയാനുള്ള സംവിധാനവും ഒരുക്കുന്നതായി യൂബർ വ്യക്തമാക്കി. പിന്നീടുണ്ടാകുന്ന ക്യാൻസലേഷൻ ഒഴിവാക്കാൻ ഇത് സഹായിക്കും. ഇന്ത്യയിൽ പലയിടങ്ങളിലും വർധിച്ചുവരുന്ന ഇന്ധനവിലയുടെ പശ്ചാത്തലത്തിൽ നിരക്ക് വർധിപ്പിക്കുന്നതായും യൂബർ പറഞ്ഞു. ഡ്രൈവർമാരുടെ വരുമാനം വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് വ്യക്തമാക്കി.