പ്രഖ്യാപിച്ചിരുന്ന പ്രിവ്യൂ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഒരാള്‍ക്ക് സന്ദേശം അയയ്ക്കുന്നതിന് മുമ്പ് ഒരു വട്ടംകൂടി ഉപയോക്താവിന് സന്ദേശം സ്ഥിരീകരിക്കാനുളള സൗകര്യം ഒരുക്കുന്നതാണ് പുതിയ ഫീച്ചര്‍. നേരത്തെ സന്ദേശം ടൈപ് ചെയ്ത ഉടന്‍ തന്നെ അയയ്ക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ പ്രകാരം ഒരു ടാബ് കൂടി തുറക്കപ്പെട്ട് ഈ സന്ദേശം തന്നെയാണോ അയയ്ക്കേണ്ടതെന്ന് ഉപയോക്താവിനോട് ചോദിക്കും.

രണ്ടാമത് സ്ഥിരീകരിച്ചതിന് ശേഷം മാത്രമാവും സന്ദേശം അയയ്ക്കുക. വാട്‌സ്ആപ്പിന്റെ ബീറ്റ വെര്‍ഷനായ 2.18.325ല്‍ ഈ സൗകര്യം ലഭിക്കും. നേരത്തെ കമ്പനി, വാട്സ്ആപ്പ് സ്റ്റിക്കറുകള്‍ കൊണ്ടുവന്നിരുന്നു. ഏറ്റവും പുതിയ ഐഒഎസ് ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളിലാണ് പുതിയ സ്റ്റിക്കര്‍ സൗകര്യം ലഭ്യമാകുന്നത്. ഐഒഎസ് വെര്‍ഷന്‍ 2.18.101, ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 2.18.327 അപ്ഡേറ്റുകളിൽ ലഭ്യമാകുന്ന സ്റ്റിക്കർ ഓപ്‌ഷൻ ലഭിക്കും. കീബോർഡിലെ ജിഫിന് തൊട്ടടുത്തുള്ള ഓപ്‌ഷൻ വഴിയാണ് സ്റ്റിക്കറുകൾ തിരഞ്ഞെടുക്കാൻ സാധിക്കുക. നിലവിൽ 12 പാക്കുകൾ മാത്രമായിട്ടുള്ള സ്റ്റിക്കറുകളിൽ പുതിയതായി ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം നിർമ്മിക്കാനും സാധിക്കും.

പ്രൈവറ്റ് റിപ്ലെയാണ് വാട്‌സ്ആപ്പ് അടുത്തിടെ കൊണ്ടുവന്ന മറ്റൊരു പ്രധാന പ്രത്യേകത. ഗ്രൂപ്പ് ചാറ്റിലാണ് പ്രൈവറ്റ് റിപ്ലെ ഉപകാരപ്പെടുക. ഗ്രൂപ്പിലെ ഒരംഗത്തോട് എന്നാല്‍ ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കാത്ത രീതിയില്‍ സന്ദേശങ്ങള്‍ അയയ്ക്കുകയോ, മറുപടി നല്‍കുകയോ ചെയ്യാനാവും എന്നതാണ് പ്രൈവറ്റ് റിപ്ലെയുടെ പ്രത്യേകത. ഇതിനായി സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ മതിയാവും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook