വാട്സ്ആപ്പ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട സമയം രാത്രിയാണ്. എന്നാൽ അർധരാത്രി വരെ നീളുന്ന ചാറ്റിങ് ഉപയോക്താവിനും അടുത്തിരിക്കുന്നവർക്കും അത്ര നല്ലതല്ല. ഇത് കണ്ണിന് കേടാണെന്ന് മാത്രമല്ല മറ്റുള്ളവർക്കും ബുദ്ധിമുട്ടാണ്. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഡാര്‍ക് മോഡാണ് വാട്സ്ആപ്പിന്റെ അടുത്ത പതിപ്പിന്റെ പ്രത്യേകത.

നൈറ്റ് മോഡ് അഥവാ ഡാര്‍ക് മോഡ് ആക്ടിവേറ്റു ചെയ്തു കഴിഞ്ഞാല്‍ വാട്സ്ആപ്പിന്റെ ഐക്കണുകളും മെനുവും ബാക്ഗ്രൗണ്ടുമെല്ലാം ഇരുണ്ട നിറങ്ങളാല്‍ നിറയും. ബാറ്ററിലൈഫ് വര്‍ധിപ്പിക്കാനും ഉതകുന്ന രീതിയിലായിരിക്കും ഈ മോഡ് പ്രവർത്തിക്കുക.

ഉപയോക്താക്കളെ നന്നായി അറിയാവുന്ന വാട്സ്ആപ് പുതിയ ഇന്റര്‍ഫെയ്‌സിലൂടെ ഉപയോക്താക്കളെ സഹായിക്കാനെന്നവണ്ണമാണ് പുതിയ മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഫോണിന്റെ ബ്രൈറ്റ്‌നസ് കുറയ്ക്കുന്നതു കൊണ്ട് തന്നെ ബാറ്ററി ലൈഫും നീണ്ടു കിട്ടും. ഇത് ഉപഭോക്താക്കൾക്ക് ഇരട്ടി മധുരമാണ്.

വാട്സ്ആപ്പിൽ മാത്രമല്ല യൂട്യൂബ്, ട്വിറ്റര്‍ തുടങ്ങിയ സ്മാർട്ഫോണ്‍ ആപ്പുകളും ഫീച്ചര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ബീറ്റാ വേര്‍ഷനില്‍ എത്തിയ ഡാര്‍ക് മോഡ് അടുത്ത വാട്സ്ആപ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റില്‍ ലോകവ്യാപകമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്.

ഫോണുകളുടെയും മറ്റും സ്‌ക്രീനുകളില്‍ നിന്നുവരുന്ന നീല വെളിച്ചം ഉറക്കത്തെയും ബാധിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ വെളിച്ചം മനുഷ്യരുടെ ജൈവ ഘടികാരത്തെ തെറ്റിപ്പിക്കുന്നുവെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിനാല്‍, രാത്രിയില്‍ ദീര്‍ഘനേരം ഇത്തരം സ്‌ക്രീനുകളുടെ വെളിച്ചം മനുഷ്യന്റെ ആരോഗ്യത്തെ ഏറെ ബാധിക്കും.

ഡാര്‍ക് മോഡ് അല്ലെങ്കില്‍ നൈറ്റ് മോഡ്, സ്‌ക്രീനുകളുടെ കളര്‍സ്‌കീമിനു മാറ്റം വരുത്താൻ സഹായിക്കുന്നു. ഇതിലൂടെ കണ്ണിന് മാത്രമല്ല മൊത്തം ശരീരത്തിനും ചെറിയ ആശ്വാസം നല്‍കുമെന്നാണ് കരുതുന്നത്. ഓലെഡ് സ്‌ക്രീനുകളുള്ള സ്മാര്‍ട് ഫോണുകളില്‍ ഇത് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും കരുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook