ന്യൂഡൽഹി: കൊറോണ വൈറസ് ഭീതിയിൽ രാജ്യമാകെ സ്തംഭിച്ചിരിക്കുമ്പോൾ ഇന്ത്യയിൽ സ്മാർട്ഫോണുകൾക്ക് ഇനി കൂടുതൽ വില നൽകേണ്ടിവരും. സ്മാർട്ഫോണുകളുടെ ജിഎസ്ടി നിരക്കിൽ ആറ് ശതമാനത്തിന്റെ വർധനവ് വരുത്തിയതാണ് വിലയിലെയും വർധനവിന് കാരണം. ഫോണുകളുടെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് അഥവാ ജിഎസ്ടി 12 ല്‍ നിന്ന് 18 ആയിട്ടാണ് കേന്ദ്ര സർക്കാർ ഉയർത്തിയിരിക്കുന്നത്. ഇന്ന് മുതൽ പുതുക്കിയ ജിഎസ്ടി നിലവിൽ വന്നതോടെ ഫോണുകളുടെ വിലയിലും മാറ്റം ദൃശ്യമാണ്.
ആപ്പിൾ, സാംസങ്, ഒപ്പോ, വിവോ, ഷവോമി തുടങ്ങി ജനപ്രിയ ബ്രാൻഡുകൾക്കും അവയുടെ മോഡലുകൾക്കും കൂടുതൽ വില നൽകേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ.
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 11 പ്രോയുടെ പുതുക്കിയ വില 1,06,600 രൂപയാണ്. നേരത്തെ ഇത് 1,01,200 രൂപ ആയിരുന്നു. 5.2 ശതമാനത്തിന്റെ വർധനവാണ് ആപ്പിൾ അവരുടെ മോഡലുകളിൽ വരുത്തിയിരിക്കുന്നത്. ഐഫോണ 11ന്റെ വില 64900ൽ നിന്ന് 68300ലേക്ക് ഉയർന്നപ്പോൾ 49900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ XRന് 52500 ആണ് പുതിയ വില.
സമാനമായ വർധനവ് സാംസങ്ങും അവരുടെ മോഡലുകളിൽ വരുത്തിയിരിക്കുന്നു. ഗ്യാലക്സി S20 അൾട്രയുടെ വില 92,999 രൂപയിൽ നിന്ന് 97,900 രൂപയായാണ് സാംസങ് വർധിപ്പിച്ചിരിക്കുന്നത്. 8GB റാമുള്ള സാംസങ്ങ് ഗ്യാലക്സി നോട്ട് 10 ലൈറ്റിന് 43100 രൂപയും ഗ്യാലക്സി S10 ലൈറ്റിന് 52142 രൂപയുമാണ് പുതുക്കിയ വില. ഗ്യാലക്സി M31നും 1856 രൂപ വർധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ജനപ്രിയ ബ്രാൻഡായ ഷവോമിയും ജിഎസ്ടിയിലെ വർധനവ് വിലയിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്ന 21 ദിവസത്തെ ലോക്ക്ഡൗൺ കാലയളവിൽ സ്മാർട്ഫോൺ അടക്കമുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന വിലക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഏപ്രിൽ 14 വരെയാണ് ലോക്ക്ഡൗൺ.