വിൻഡോസ് 11 ഒഎസിൽ പ്രവർത്തിക്കുന്ന പിസിയുമായി ഐഫോണിനെ ലിങ്ക് ചെയ്യാൻ സഹായിക്കുന്ന ഫോൺ ലിങ്ക് ആപ്പിന്റെ അപ്‌ഡേറ്റുമായി മൈക്രോസോഫ്റ്റ്. ഐഒഎസിനുള്ള ഫോൺ ലിങ്ക് ഇപ്പോൾ മൈക്രോസോഫ്റ്റ് ആപ്പ് സ്റ്റോറിൽ സൗജന്യമായി ലഭ്യമാണ്. ഇത് ഉപയോക്താക്കളെ അവരുടെ പിസിയിൽ ഐമെസേജ് ആക്‌സസ് ചെയ്യാൻ സഹായിക്കുന്നു.
നിങ്ങളുടെ കമ്പ്യൂട്ടറിൽ നിങ്ങൾ ഇതിനകം തന്നെ ഫോൺ ലിങ്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, ഐഫോൺ ലിങ്കിങ് പ്രവർത്തനക്ഷമമാക്കാൻ അത് ആപ്പ് സ്റ്റോർ വഴി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
അപ്‌ഡേറ്റ് ചെയ്‌ത ഫോൺ ലിങ്ക് ആപ്പ് ഉപയോക്താക്കൾക്ക് ഐമെസേജസ് അയയ്‌ക്കാനും സ്വീകരിക്കാനും, കോളുകൾ അറ്റൻഡ് ചെയ്യുക, കൂടാതെ ഐഫോണിൽ നിന്നുള്ള കോൺടാക്‌റ്റുകളിലേക്കുള്ള ആക്‌സസും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് സൗജന്യമായി ആപ്പ് ഡൗൺലോഡ് ചെയ്യാനും അവരുടെ സ്മാർട്ട്ഫോണിനും പിസിക്കും ഇടയിൽ കോളുകളും സന്ദേശങ്ങളും സമന്വയിപ്പിക്കാനും കഴിയും.
ഉപയോക്താക്കൾക്ക് അവരുടെ പിസിയിൽ ഐമെസേജ് സ്വീകരിക്കാനും മറുപടി നൽകാനും കഴിയുമെങ്കിലും, അവരുടെ പിസിയിൽ നിന്ന് ചിത്രങ്ങളോ വീഡിയോകളോ പോലുള്ളവ അയയ്ക്കാൻ അവർക്ക് കഴിയില്ല.
ഫോൺ ലിങ്ക് ആപ്പിന്റെ പ്രവർത്തനം എങ്ങനെ?
വിൻഡോസ് 11 പിസിയിൽ ഫോൺ ലിങ്ക് ആപ്പ് ഡൗൺലോഡ് ചെയ്യുക അല്ലെങ്കിൽ അപ്‌ഡേറ്റ് ചെയ്‌ത് ഓപ്പൺ ആക്കുക.
സെലക്ട് യുവർ ഫോൺ ഓപ്ഷനിൽ ഐഫോൺ തിരഞ്ഞെടുക്കുക. ഫോൺ ലിങ്ക് ആപ്പുമായി നിങ്ങളുടെ ഉപകരണം ലിങ്ക് ചെയ്യാൻ പിസിയിലെ ബാർകോഡ് സ്കാൻ ചെയ്യുക.
നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച്, പിസിയിൽ ലഭിക്കേണ്ട അറിയിപ്പുകളും സേവനങ്ങളും തിരഞ്ഞെടുക്കുക.
ഫോൺ ലിങ്ക് ആപ്പിൽ ഇതിനകം ഒരു ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ, ഐഫോൺ പുതിയതായി ചേർക്കാൻ ഇത് നീക്കം ചെയ്യണം.
കൂടാതെ, നിങ്ങൾക്ക് ഒരു ഐപാഡ്, ഐപോഡ് എന്നിവ ലിങ്ക് ചെയ്യാൻ കഴിയില്ല. മാത്രമല്ല ഐഫോൺ ഐഒഎസ് 14-ലോ ഏറ്റവും പുതിയ പതിപ്പോ ആയിരിക്കണം. ഐഫോണും മാക്ബുക്കും പോലെ മികച്ച സംയോജനം ഇത് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, ഐഫോണും വിൻഡോസ് 11-ൽ പ്രവർത്തിക്കുന്ന പിസിയും ഉള്ള ഉപയോക്താക്കൾക്ക് ഇത് തീർച്ചയായും ഉപകാരപ്രദമാണ്.