പ്രണയാര്‍ദ്രമായ ഒരു ഫീച്ചര്‍ പുറത്തിറക്കി ഫെയ്സ്ബുക്ക്. ഉമ്മയെന്നോ ഉമ്മയോട് ചേര്‍ന്നുള്ള മറ്റു വാക്കുകളോ മലയാളത്തില്‍ കമന്റ് ബോക്‌സില്‍ എഴുതിയാല്‍ അത് ചുവപ്പ് നിറത്തിലുള്ള ചില പ്രണയഹൃദയ ചിഹനങ്ങള്‍ പറന്നു വരുന്നത് കാണാം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട പുതിയ ഫീച്ചര്‍ ഇതിനകം പ്രചരിച്ച് കഴിഞ്ഞു.

ഇത് ആദ്യമായാണ് മലയാളത്തിലുളള വാചകങ്ങള്‍ എഴുതിയാല്‍ ഇത്തരത്തിലൊരു ഇമോജി ലഭ്യമാകുന്നത്. മറ്റ് ചില ഭാഷകളിലും ചുംബനം എന്ന അര്‍ത്ഥം വരുന്ന വാക്കുകള്‍ എഴുതിയാല്‍ ഫീച്ചര്‍ ലഭ്യമാണ്.
ഉമ്മ എന്ന് മാത്രമല്ല ഉമ്മയോട് ചേര്‍ന്ന മറ്റ് വാക്കുകള്‍ ടൈപ്പ് ചെയ്താലും ഫീച്ചര്‍ ലഭ്യമാണ്. ചില വിരുതന്മാര്‍ കെപി ഉമ്മറെന്നും, ഉമ്മന്‍ചാണ്ടിയെന്നുമൊക്കെ എഴുതിയാണ് ഉമ്മ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഒരു സ്പെയ്സ് ഇട്ടാല്‍ മാത്രം മതി ഉമ്മന്‍ചാണ്ടിയിലും ഹൃദയചിഹ്നങ്ങള്‍ കാണാന്‍ കഴിയും.

ഫീച്ചര്‍ അവതരിപ്പിച്ചതിന് മാര്‍ക്ക് സുക്കര്‍ബര്‍ഗിനാണ് ഉപയോക്താക്കള്‍ നന്ദി പറയുന്നത്. ഫെയ്സ്ബുക്ക് ഇന്‍ബോക്സുകളില്‍ കൈമാറിയിരുന്ന ‘ഉമ്മകള്‍’ ഫെയ്സ്ബുക്ക് വാളുകളില്‍ നിന്ന് വാളുകളിലേക്ക് പരക്കുകയാണ്. എന്തായാലും ഫെയ്സ്ബുക്ക് മേധാവിക്ക് തന്നെയാണ് ആദ്യ ദിനങ്ങളില്‍ മിക്കവരും ഉമ്മ നല്‍കുന്നതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ