ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മൊബൈലിൽ വീക്കിലി പ്ലാനുകൾ നൽകാൻ നെറ്റ്ഫ്ലിക്സ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിനായുളള ടെസ്റ്റിങ് നെറ്റ്ഫ്ലിക്സ് തുടങ്ങിയതായി ഗാഡ്ജെറ്റ്സ്360 റിപ്പോർട്ട് ചെയ്യുന്നു. 65 രൂപ മുതൽ 250 രൂപവരെയുളള മൊബൈൽ പ്ലാനുകളാണ് ടെസ്റ്റ് ചെയ്യുന്നത്.

ആദ്യ ഘട്ടത്തിൽ ഈ പ്ലാനുകൾ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുകയെന്ന് റിപ്പോർട്ടിലുണ്ട്. മൊബൈലിൽ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് കാണാൻ അവസരമൊരുക്കുകയാണ് ലക്ഷ്യം. മൊബൈൽ പ്ലാനുകൾ തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ സ്മാർട്ഫോണിലോ ടാബ്‌ലെറ്റിലോ മാത്രമായിരിക്കും നെറ്റ്ഫ്ലിക്സ് കാണാനാവുക.

ഇന്ത്യയിൽ 65 രൂപയുടെ വീക്കിലി പ്ലാനിനു പുറമേ 125 യുടെ ബേസിക് പ്ലാൻ, 165 രൂപയുടെ സ്റ്റാൻഡേർഡ് പ്ലാൻ (എച്ച്ഡി), 200 രൂപയുടെ അൾട്രോ പ്ലാൻ (4K) എന്നിവയും ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇപ്പോൾ പ്ലാനുകളുടെ ടെസ്റ്റിങ് മാത്രമാണ് നടക്കുന്നത്. ഉപഭോക്താക്കൾക്ക് ഇവയുടെ ഉപയോഗത്തിനായി കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കണം. പ്രത്യേക ഷോകൾ കാണുന്നവർക്കാണ് വീക്കിലി പ്ലാനുകൾ പ്രയോജനപ്പെടുക.

ഇന്ത്യയിൽ ആമസോൺ പ്രൈമുമായും ഹോട്സ്റ്റാറുമായാണ് നെറ്റ്ഫ്ലിക്സിന്റെ മത്സരം. രണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ചെലവേറിയത് നെറ്റ്ഫ്ലിക്സാണ്. ഹോട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷനും ആമസോൺ പ്രൈ വീഡിയോ സബ്സ്ക്രിപ്ഷനും പ്രതിവർഷം 999 രൂപയാണ് ചാർജ്. പക്ഷേ നെറ്റ്ഫ്ലിക്സിന്റെ ബേസിക് സബ്സ്ക്രിപ്ഷന് പ്രതിമാസം 500 രൂപയാണ് നൽകേണ്ടത്. പ്രീമിയം സർവീസാണെങ്കിൽ മാസം 800 വരെ നൽകേണ്ടി വരും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook