ആകാശവിസ്മയമൊരുക്കി നിയോവൈസ് വാല്‍നക്ഷത്രം വിരുന്നെത്തിയിരിക്കുകയാണ്. രാജ്യാന്തര ബഹിരാകാശ നിലയത്തി(ഐഎസ്എസ്)ലുള്ള നാസയുടെ ബഹിരാകാശ യാത്രികന്‍ ബോബ് ബെന്‍കെന്‍ പകര്‍ത്തിയ വാല്‍നക്ഷത്രത്തിന്റെ നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുകയാണ്. ബഹിരാകാശ നിലയത്തിലെ ക്യാമറ ഉപയോഗിച്ച് ഞായറാഴ്ചയാണ് യാത്രികന്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.

എന്താണ് നിയോവൈസ്?

‘കഴിഞ്ഞ രാത്രിയിലെ വെടിക്കെട്ട്’ എന്നാണ് വാല്‍നക്ഷത്രത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് ബോബ് ബെന്‍കെന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സി / 2020 എഫ് 3 എന്നാണ് നിയോ വൈസ് വാല്‍നക്ഷത്രത്തിന്റെ ഔദ്യോഗിക നാമം. മാര്‍ച്ച് 27 നാണു നാസയുടെ ബഹിരാകാശ നിയോവൈസ് ദൂരദര്‍ശിനി (ഒബ്ജക്റ്റ് വൈഡ്-ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വേ എക്‌സ്‌പ്ലോറര്‍ ടെലിസ്‌കോപ്പ്) വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. നിയോ വൈസ് എന്ന ടെലസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയതുകൊണ്ടാണ് വാല്‍ നക്ഷത്രത്തിന് ആ പേര് നല്‍കിയത്. ബോബ് ബെന്‍കെന്‍ പകർത്തിയ നിയോവൈസ് ചിത്രങ്ങൾ കാണാം.

നിയോവൈസ് സഞ്ചാരം ഇങ്ങനെ

ഉദയത്തിനു മുന്‍പ് വാനനിരീക്ഷകര്‍ക്കു നിയോ വൈസിനെ കാണാന്‍ കഴിയും. എര്‍ത്ത് സ്‌കൈ ഡോട്ട് ഓര്‍ഗ് വെബ്‌സൈറ്റ് പറയുന്നതു പ്രകാരം വാല്‍നക്ഷത്രം ജൂലൈ മൂന്നിന് സൂര്യനോട് 4.3 കോടി കിലോമീറ്റര്‍ അടുത്തായിരുന്നു. ഇത് സൂര്യനും ബുധനും തമ്മിലുള്ള ശരാശരി ദൂരത്തേക്കാള്‍ വളരെ അടുത്താണ്.

ജൂലൈ 11 ന് പുലര്‍ച്ചെ ആകാശത്ത് ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ള വാല്‍നക്ഷത്രം ക്രമേണ ഓരോ ദിവസവും ചക്രവാളത്തിലേക്ക് അടുക്കുകയാണ്. ജൂലൈ പകുതിയോടെ വടക്കുപടിഞ്ഞാറന്‍ ചക്രവാളത്തിലെ സന്ധ്യാസമയത്ത് ദൃശ്യമാകും. വാല്‍നക്ഷത്രം തിളക്കമാര്‍ന്നതായി നിലനില്‍ക്കുകയാണെങ്കില്‍ ജൂലൈ രണ്ടാം പകുതിയില്‍ അസ്തമന സമയത്തും വാല്‍നക്ഷത്രം ദൃശ്യമാകും.

ഇന്ത്യയില്‍ എപ്പോള്‍ കാണാം

ഭൂമിയില്‍നിന്ന് 200 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് നിയോ വൈസ് ഇപ്പോള്‍. ജൂലൈ 22 മുതല്‍ 23 വരെ ഭൂമിയോട് ഏറ്റവും അടുത്തുവരും. വാല്‍നക്ഷത്രം ഭൂമിയുടെ പുറം ഭ്രമണപഥം കടക്കുമ്പോള്‍ 103 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരിക്കും.

വടക്കന്‍ അര്‍ധഗോളത്തിലെ വാനനിരീക്ഷകര്‍ക്കു വടക്ക്-പടിഞ്ഞാറന്‍ ആകാശത്ത് ഇന്നു മുതല്‍ വാല്‍നക്ഷത്രം വ്യക്തമായി കാണാനാകും. വാല്‍നക്ഷത്രത്തെ സൂര്യാസ്തമയത്തിനുശേഷം നഗ്‌നനേത്രങ്ങളാലോ ബൈനോക്കുലറുകള്‍ ഉപയോഗിച്ചോ കാണാന്‍ കഴിയും.

ഇന്ത്യയിലെ നക്ഷത്രനിരീക്ഷകര്‍ക്ക് ഇന്നു മുതല്‍ നിയോവൈസിനെ കാണാനാവും. അടുത്ത 20 ദിവസത്തേക്ക് സൂര്യാസ്തമയത്തിനുശേഷം 20 മിനിറ്റോളം വാല്‍നക്ഷത്രം ദൃശ്യമാകുമെന്നും ആളുകള്‍ക്ക് ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് നിരീക്ഷിക്കാന്‍ കഴിയുമന്നും ഒഡിഷയിലെ പത്താനി സമന്ത പ്ലാനറ്റോറിയം ഡെപ്യൂട്ടി ഡയറക്ടര്‍ ശുഭേന്ദു പട്‌നായിക് പറഞ്ഞു.

കണ്ണുകൊണ്ട് കാണാന്‍ കഴിയുമോ?

നിയോ വൈസ് വാല്‍നക്ഷത്രം ദൂരദര്‍ശിനി ഉപയോഗിച്ച് കാണാന്‍ കഴിയുന്ന വസ്തുവാണ്. ചില വാനനിരീക്ഷകര്‍ ഇതിനെ നഗ്നനേത്രങ്ങളാല്‍ കണ്ടതായി അവകാശപ്പെടുന്നു. എന്നാല്‍ എല്ലാവര്‍ക്കും അത് സാധ്യമാകില്ല. അതിനാല്‍ നിയോവൈസിനെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മികച്ച ബൈനോക്കുലര്‍ കരുതേണ്ടതാണ്.
വാല്‍നക്ഷത്രം ഓഗസ്റ്റില്‍ സൗരയൂഥത്തിന്റെ പുറത്തേക്കു പ്രവേശിക്കാന്‍ തുടങ്ങും. ഇതോടെ നിറംമങ്ങാന്‍ തുടങ്ങും. ഇതുകാരണം നഗ്‌നനേത്രങ്ങളാല്‍ ദൃശ്യമാകില്ല.

നാസയുടെ അഭിപ്രായത്തില്‍, നിയോവൈസിന്റെ ന്യൂക്ലിയസ് ഏകദേശം അഞ്ച് കിലോമീറ്ററാണ്. ഇത്, 460 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥത്തിന്റെ ഉത്ഭവത്തിനനുടത്ത് അവശേഷിക്കുന്ന കരിപുരണ്ട പൊടിപടലങ്ങളാൽ മൂടപ്പെട്ടതാണ്. ഈ വാല്‍നക്ഷത്രം ഇനി ഭൂമിയില്‍ ദൃശ്യമാകുക 8,786ല്‍ ആയിരിക്കും. അതായത് 6,000 വര്‍ഷത്തിനുശേഷം.

ലെബനന്‍, ഇസ്രായേല്‍, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പേര്‍ വാല്‍നക്ഷത്രത്തെ വീക്ഷിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook