ന്യൂയോർക്ക്: നാസയുടെ ചൊവ്വ ദൗത്യമായ ഇൻസൈറ്റ് വിജയം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉപഗ്രഹം വിജയകരമായി ഇറങ്ങി. മെയ് 5ന് കലിഫോർണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്‌ലസ് 5 റോക്കറ്റുപയോഗിച്ചാണ് ‘ലാൻഡർ’ വിഭാഗത്തിലുള്ള ഇൻസൈറ്റ് വിക്ഷേപിച്ചത്.
ചൊവ്വ ഉപരിതലത്തിലേക്കുളള പ്രവേശനം അതീവ നിർണ്ണായകമായിരുന്നു. അന്തരീക്ഷത്തിൽ നിന്ന് ചൊവ്വയുടെ ഉപരിതലത്തിൽ തൊടാൻ ഏതാണ്ട് ആറര മിനിറ്റ് സമയമെടുത്തു. മണിക്കൂറിൽ 19800 കിലോമീറ്റർ വേഗത്തിൽ ആരംഭിച്ച് പിന്നീട് പതിയെ വേഗം കുറച്ച ശേഷം പാരച്യൂട്ടിന്റെ സഹായത്തോടെ ആണ് ഉപഗ്രഹം ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയത്.
ഈ ഘട്ടത്തിൽ 1500 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉപഗ്രഹത്തെ തൊട്ടത്. എങ്കിലും ചൂട് പ്രതിരോധിക്കാനുളള കവചം ഇതിനെ ഫലപ്രദമായി നേരിട്ടു. ചൊവ്വ ഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ദൗത്യം നൽകുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങൾ ദൗത്യത്തിനൊപ്പമുണ്ട്.