കൊച്ചി: ക്രിസ്മസ് ദിനത്തില്‍ ശാസ്ത്ര സ്നേഹികള്‍ക്കും ആകാശ നിരീക്ഷകർക്കും സമ്മാനമൊരുക്കിയിരിക്കുകയാണ് നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന് (നാസ). ഏറ്റവും വലതും ശക്തവുമായ ബഹിരാകാശ ശാസ്ത്ര ദൂരദർശിനി ഫ്രഞ്ച് ഗയാനയിൽ നിന്ന് ഇന്ന് വിക്ഷേപിക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 5.50 നാണ് വിക്ഷേപണം.
ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് (ജെഡബ്ല്യുഎസ്ടി) എന്നാണ് ദൂരദര്‍ശിനിയുടെ പേര്. ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്റെ പിന്‍ഗാമിയായാണ് ജെയിംസ് വെബിനെ കണക്കാക്കുന്നത്. നാസയുടെ ഫ്ലാഗ്ഷിപ്പ് ടെലിസ്കോപ്പാണ് ഹബിള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹബിളിന്റെ സേവനം ലഭ്യമാണ്.
ബഹിരാകാശ ശാസ്ത്ര വസ്തുക്കളുടെ ചിത്രങ്ങളും സവിശേഷതകളും പകർത്തുന്നതിനുള്ള നാല് ഉപകരണങ്ങൾ 0.6 മുതൽ 28 മൈക്രോൺ വരെ തരംഗദൈർഘ്യം നൽകും (വൈദ്യുതകാന്തിക സ്പെക്ട്രത്തിന്റെ ഇൻഫ്രാറെഡ് ഭാഗം ഏകദേശം 0.75 മൈക്രോൺ മുതൽ നൂറുകണക്കിന് മൈക്രോൺ വരെയാണ്).
ഹബിളിലെ ഉപകരണങ്ങൾക്ക് 0.1 മുതൽ 0.8 മൈക്രോൺ വരെയുള്ള സ്പെക്ട്രത്തിന്റെ അൾട്രാവയലറ്റിലും ദൃശ്യമായ ഭാഗങ്ങളിലും നിരീക്ഷിക്കാൻ കഴിയും. ഇൻഫ്രാറെഡ് നിരീക്ഷണങ്ങളും പ്രധാനമാണ്. കാരണം പ്രസ്തുത തരംഗദൈർഘ്യത്തില പ്രകാശത്തിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപപ്പെടുന്നതിന് കാരണമാകുന്ന പൊടിപടലങ്ങളെ ദൃശ്യമാക്കാനും കൂടുതല്‍ വ്യക്തത നല്‍കാനും കഴിയും.
ഡിസംബര്‍ 22 നായിരുന്നു വിക്ഷേപണം നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിക്ഷേപണ പേടകവും പെലോഡും തമ്മിലുള്ള ഇലക്ട്രോണിക് ആശയവിനിമയത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് 24 ലേക്ക് മാറ്റി. എന്നാല്‍ ലോഞ്ച് ചെയ്യുന്ന പ്രദേശത്തെ മോശം കാലാവസ്ഥ മൂലം ക്രിസ്മസ് ദിനത്തില്‍ വിക്ഷേപണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ആദ്യത്തെ പ്രകാശം, ഗാലക്സികളുടെ കൂടിച്ചേരല്‍, നക്ഷത്രങ്ങളുടെയും പ്രോട്ടോപ്ലാനറ്ററി സിസ്റ്റങ്ങളുടെയും ഗ്രഹവ്യവസ്ഥകളുടെയും ജീവന്റെയും ഉത്ഭവം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ദൂരദര്‍ശിനി സഹായിക്കും. നാസ ടിവിയിലൂടെ വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണം കാണാവുന്നതാണ്.
Also Read: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഫെബ്രുവരിയില്‍ തീവ്രമാകും: ഐഐടി പഠനം