കഴിഞ്ഞുപോയത് ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ നാലമത്തെ വർഷം. 2018ലാണ് ഭൂമിയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട നാലമത്തെ വർഷമെന്ന് നാസയുടെ റിപ്പോർട്ട്. ശരാശരി ചൂടിനേക്കാൾ ഉയർന്ന താപനിലയാണ് കഴിഞ്ഞ വർഷവും രേഖപ്പെടുത്തിയത്.

നാസയുടെ തന്നെ ഭാഗമായ ഗോഡാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പെയ്സ് സ്റ്റഡീസിലെ ശാസ്ത്രഞ്ജന്മാരാണ് പഠനത്തിന് പിന്നിൽ. 1951 മുതൽ 1980 വരെയുള്ള കാലഘട്ടത്തേക്കാൾ താപനില 0.83 ആയി കഴിഞ്ഞ വർഷം ഉയർന്നു.

ഭൂമിയിൽ ഏറ്റവും അധികം ചൂട് അനുഭവപ്പെട്ടത് 2016ലാണ്, രണ്ടാം സ്ഥാനത്ത് 2017ഉം മൂന്നാമത് 2015മാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലവും ശരാശരിയ്ക്കും മേലെയാണ് ഭൂമിയിൽ താപനില രേഖപ്പെടുത്തുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ചൂടിൽ നിന്നും 0.79 സെൽഷ്യസിന്റെ വർദ്ധനവാണ് 2018ൽ സംഭവിച്ചിരിക്കുന്നത്.

1880കൾക്ക് ശേഷം ശരാശരി അന്തരീക്ഷ താപനില ഒരു സെൽഷ്യസായി ഉയർന്നിട്ടുണ്ട്. മനുഷ്യന്റെ വിവിധ പ്രവര്‍ത്തികള്‍ മൂലം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നതിന്റെ വര്‍ധനവും മറ്റ് ഹരിതഗൃഹവാതകങ്ങളുമാണ് ഈ താപനില വര്‍ധനവിന് കാരണമായതെന്ന് ഗവേഷകര്‍ പറയുന്നു.

6,300 ഓളം കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും സമുദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ സംവിധാനങ്ങളില്‍ നിന്നും അന്റാര്‍ട്ടിക് മേഖലയിലുള്ള ഗവേഷണ കേന്ദ്രങ്ങളില്‍ നിന്നുമുള്ള താപനില കണക്കുകളാണ് താപനില വിശകലനത്തിനായി നാസ ഉപയോഗിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook