നാസയുടെ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസിന്റെ ഭാഗമായുള്ള ആദ്യ വിക്ഷേപണം ‘ആര്‍ട്ടെമിസ്-1’ വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17 ന് കേപ് കനാവറല്‍ ഫ്‌ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകം സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലാണ് വിക്ഷേപിച്ചത്.
ഓറിയോണ്‍ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങുമ്പോള്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നിന്ന് ഭൂമിയുടെ അതിശയിപ്പിക്കുന്ന ഒരു ചിത്രം പുറത്ത് വിട്ടിരിക്കുകയാണ്. നാസ പങ്കിട്ട വീഡിയോ ഓറിയോണ്‍ ബഹിരാകാശ പേടകത്തിന്റെ ‘സെല്‍ഫി’ കാഴ്ച കാണിക്കുന്നു, ഭൂമി നീലയും വെള്ളയും കലര്‍ന്ന മാര്‍ബിള്‍ പോലെ കാണപ്പെടുന്നു. ബഹിരാകാശ പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന ഓറിയോണാണ് ചിത്രത്തില്‍ കൂടുതലായി കാണുന്നത്.
ബഹിരാകാശ പേടകത്തിന്റെ നാല് സോളാര്‍ പാനലുകളില്‍ രണ്ടെണ്ണം ദൃശ്യമാണ്. ബഹിരാകാശ പേടകത്തിന്റെ സോളാര്‍ അറേകളില്‍ മറ്റൊന്നില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. ലിഫ്‌റ്റോഫ്, കയറ്റം, ലാന്‍ഡിംഗ്, തുടങ്ങിയ അവശ്യ ദൗത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങള്‍ പകര്‍ത്തുന്നതിനും ഓറിയോണ്‍ ബഹിരാകാശ പേടകത്തില്‍ ആകെ 16 ക്യാമറകളുണ്ട്.
ഓറിയോണിന്റെ ക്യാമറകള്‍ ശേഖരിക്കുന്ന വീഡിയോകള്‍ വിവിധ ഫോര്‍മാറ്റുകളില്‍ വരും, അവയില്‍ സ്റ്റാന്‍ഡേര്‍ഡ്-ഡെഫനിഷന്‍ ഫൂട്ടേജ് മുതല്‍ ഹൈ-ഡെഫനിഷന്‍, 4കെ വരെ ഉള്‍പ്പെടും. എന്നാല്‍ ബാന്‍ഡ്വിഡ്ത്ത് പരിമിതികള്‍ ഉള്ളതിനാല്‍, റെക്കോര്‍ഡ് ചെയ്തതിന് ശേഷമേ ഉയര്‍ന്ന നിലവാരമുള്ള ഫൂട്ടേജ് ലഭിച്ചേക്കില്ല. എഞ്ചിന്‍ തകരാര്‍ മൂലം പല തവണ ആര്‍ട്ടെമിസ്-1 വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നിരുന്നു. അറ്റകുറ്റപ്പണി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് എസ്എല്‍എസ് റോക്കറ്റും പേടകവും വിക്ഷേപണകേന്ദ്രത്തില്‍ എത്തിച്ചത്. നവംബര്‍ 14-ന് വിക്ഷേപണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് ഇത് വീണ്ടും വൈകുകയായിരുന്നു.