വാഷിങ്ങ്ടൺ: ഭൂമിക്ക് പുറത്തും ജീവന്റെ സാന്നിധ്യം ഉണ്ടാകാം എന്ന് വിശ്വസിക്കാവുന്ന തരത്തിൽ പുതിയ ഒരു താരസമൂഹം നാസ കണ്ടെത്തി. സൗരയൂഥത്തിന് സമാനമായി ഒരു തണുത്തുറഞ്ഞ നക്ഷത്രവും അതിനെ വലംവയ്‌ക്കുന്ന ഏഴ് ഗ്രഹങ്ങളുമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുടെ വലിപ്പമുളള​ ഗ്രഹങ്ങളിൽ വെളളത്തിന്റെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഈ ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാകാം എന്ന നിഗമനത്തിലേക്ക് എത്താൻ കാരണം.

ട്രാപ്പിസ്‌റ്റ്-1 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രത്തിനു ചുറ്റുമുളള ഗ്രഹങ്ങളിൽ മൂന്നെണ്ണത്തിലെങ്കിലും ജീവന് അനുകൂല ഘടകങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇപ്പോൾ ജീവൻ ഇല്ലെങ്കിലും പിന്നീട് അതുണ്ടാകാനുളള സാധ്യതകളും ശാസ്ത്രജ്ഞർ തളളിക്കളയുന്നില്ല. വ്യാഴ ഗ്രഹത്തിന്റെ ഏകദേശ വലിപ്പമുണ്ട് ട്രാപ്പിസ്‌റ്റ്-1 എന്ന നക്ഷത്രത്തിന്. നാസയുടെ സ്‌പിറ്റ്സർ എന്ന ദൂരദർശിനിയാണ് പുതിയ ഗ്രഹങ്ങളും ജീവന്റെ സാധ്യതകളും കണ്ടെത്തിയത്.

സൂര്യനു ചുറ്റും നമ്മുടെ സൗരയൂഥമായ ക്ഷീരപഥത്തിൽ ഗ്രഹങ്ങൾ വലംവയ്‌ക്കുന്നതിനു സമാനമായാണ് ഇതിലെയും ഗ്രഹങ്ങൾ കറങ്ങുന്നത്. എന്നാൽ സൂര്യനെ അപേക്ഷിച്ച് ട്രാപ്പിസ്‌റ്റ്-1 ൽ ചൂട് കുറവാണ് എന്നു മാത്രമല്ല, തണുപ്പാണ് എന്നതാണ് പ്രത്യേകത. സൂര്യന്റെ വലിപ്പം ഈ നക്ഷത്രത്തിനില്ല എന്നും കണ്ടെത്തിയിട്ടുണ്ട്.

trappist-1, nasa

Illustration provided by NASA/JPL-Caltech

ഗ്രഹങ്ങളുടെ പ്രതലം പാറ അടങ്ങിയതാണോ എന്നുളള കാര്യങ്ങളെക്കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് നാസ അറിയിച്ചു. 500 ദശലക്ഷം പ്രായമുണ്ട് ട്രാപ്പിസ്റ്റിന് എന്നാണ് കരുതുന്നത്. 10 ലക്ഷം കോടി വർഷമാണ് ഇതിന്റെ ആയുസ്സ് കണക്കാക്കുന്നത്. നിലവിൽ സൂര്യന്റെ ആയുസ്സിനെക്കാളും കൂടുതൽ കാലം ട്രാപ്പിസ്റ്റിന് നിലനിൽക്കാനാകും.

Read More: നാസയ്‌ക്ക് ആദരവുമായി ഗൂഗിളിന്റെ ഡൂഡിൽ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook