ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുളള ഔദ്യോഗിക ആൻഡ്രോയ്‌ഡ് ആപ്ലിക്കേഷൻ, വ്യക്തി വിവരങ്ങൾ മറ്റൊരു കമ്പനിക്ക് ചോർത്തി നൽകുന്നതായി കണ്ടെത്തൽ. അമേരിക്കൻ കമ്പനിയായ ക്ലെവർ ടാപിന് വിവരങ്ങൾ ചോർത്തി നൽകിയതായി ഫ്രഞ്ച് ടെക് ഗവേഷകൻ എലിയട് ആന്റേർസണാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ആപ്ലിക്കേഷനിൽ പ്രൊഫൈൽ നിർമ്മിക്കുന്നവരുടെ മൊബൈൽ വിവരങ്ങൾ, വ്യക്തി വിവരങ്ങൾ തുടങ്ങിയവ in.wzrkt.com എന്നിവ ഉപയോക്താവിന്റെ അനുമതിയില്ലാതെ തന്നെ ചോർത്തപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. തുടർ ട്വീറ്റുകളിലാണ് എലിയട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ, നെറ്റ്‌വർക് ടൈപ്, കാരിയർ തുടങ്ങിയ ഡിവൈസിനെ സംബന്ധിച്ച വിവരങ്ങളും ഇ-മെയിൽ, ഫോൺ, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് അനുമതിയില്ലാതെ ചോർത്തുന്നത്. in.wzrkt.com എന്ന ഡൊമൈൻ വഴിയാണ് ജി-ഡാറ്റ എന്ന കമ്പനി വ്യക്തികളുടെ സ്വകാര്യ-സാമ്പത്തിക വിവരങ്ങൾ ചോർത്തുന്നതെന്നും എലിയട് പറയുന്നു.

ഡൊമൈന്റെ കേന്ദ്രം തിരഞ്ഞുപോയ എലിയട്, ക്ലെവർ ടാപ് എന്ന അമേരിക്കൻ കമ്പനിയിലാണ് എത്തിയത്. ക്ലെവർ ടാപ് വിവരങ്ങൾക്കായി in.wzrkt.com എന്ന ഡൊമെയ്ൻ ഉപയോഗിക്കുന്നത് സംശയകരമാണെന്നും ടെക് ഗവേഷകനായ എലിയട് പറയുന്നു.

ഇതാദ്യമായല്ല വ്യക്തിവിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഒരു വിഷയം എലിയട് ഉയർത്തിക്കാട്ടുന്നത്. മുൻപ് വൺ പ്ലസ് എന്ന മൊബൈൽ നിർമ്മാണ കമ്പനി ക്ലിപ്ബോർഡിലെ വിവരങ്ങൾ ചൈനീസ് കമ്പനിക്ക് ചോർത്തി നൽകുന്നതും എലിയട് പുറത്തുകൊണ്ടുവന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ