ഉല്‍പ്പത്തിമുതല്‍ മനുഷ്യനില്‍ കൗതുകമുണർത്തിയ, മനുഷ്യന്‍റെ എക്കാലത്തേയും കൗതുകമായ ബഹിരാകാശസ്വപ്നങ്ങള്‍ക്ക് വൈകാതെ തന്നെ ചിറകു വിടരും. ബഹിരാകാശം എന്നത് വൈകാതെ തന്നെ നിങ്ങളുടെയും കയ്യെത്തുന്ന ദൂരത്താകും. ബഹിരാകാശ വിനോദസഞ്ചാരത്തിനായി റോക്കറ്റുകള്‍ വരുന്നു. അടുത്ത വര്‍ഷത്തോടെയാവും ഈ സർവീസിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുക.
ബഹിരാകാശ ഗവേഷണത്തിലും ബഹിരാകാശ സഞ്ചാരത്തിലും അധികായരായ ‘സ്പേസ് എക്സ്’ ആണ് വിനോദ സഞ്ചാരത്തിനായി റോക്കറ്റുകള്‍ തുടങ്ങുന്നു എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബഹിരാകാശ സഞ്ചാരത്തില്‍ പുതിയ വാതായാനങ്ങള്‍ തുറന്ന സ്പേസ് എക്സിന്റെ സ്ഥാപകന്‍ എലോണ്‍ മാസ്ക് എന്ന ശാസ്ത്രജ്ഞൻ ‘ടെസ്ല’ യിലൂടെ ശാസ്ത്രലോകത്ത് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ തീര്‍ത്ത വ്യക്തിയാണ്. ഈ വേനലില്‍ ആദ്യ പരീക്ഷണയോട്ടം നടത്തുന്നതോടെ ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ആയിരിക്കും എന്നാണു മാസ്ക് അവകാശപ്പെടുന്നത്.
അടുത്ത വര്‍ഷമാവുമ്പോഴേക്കും പണം മുടക്കാന്‍ തയാറുള്ള രണ്ടു വിനോദസഞ്ചാരികളെ ചന്ദ്രനെ ചുറ്റാന്‍ അയയ്ക്കും എന്നാണു മാസ്ക് തന്‍റെ ട്വിട്ടറിലൂടെ അറിയിച്ചത്.
സ്പേസ് എക്സിന്റെ ഇപ്പോള്‍ പ്രവര്‍ത്തനത്തിലുള്ള ‘ഫാല്‍ക്കന്‍ 9’നേക്കാള്‍ കരുത്തുറ്റ ഈ റോക്കറ്റിന് ‘ഫാല്‍ക്കന്‍ ഹെവി’ എന്നാണു പേര് നല്‍കിയിരിക്കുന്നത്. സ്പേസ് എക്സ് ഈ വർഷം തന്നെ സമാന്തരമായ മറ്റു നാല് ചെറിയ റോക്കറ്റുകള്‍ക്കും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രോജക്റ്റ് ആണ് ഫാല്‍ക്കന്‍ ഹെവി. വിവിധ നിലകളുള്ള, രണ്ടു ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഫാല്‍ക്കന്‍ ഹെവിയുടെ ഓരോ ഭാഗത്തും ഓരോ ഇഞ്ചിനും പ്രോപ്പലണ്ടും ഉണ്ട്.
ഈ വേനലില്‍ നടക്കുന്ന പരീക്ഷണപറക്കലിനു ശേഷം റോകറ്റിന്റെ മുകള്‍ഭാഗം വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന് മാസ്ക് പറയുന്നു. ഇങ്ങനെ വീണ്ടെടുക്കുന്ന റോക്കറ്റിന്റെ മുകള്‍ഭാഗം ഭാവി പറക്കലുകള്‍ക്കും ഉപയോഗിക്കാം എന്നാണു മസ്ക് പറയുന്നത്.
കഴിഞ്ഞ മാസം നടത്തിയൊരു പ്രസ്താവനയില്‍, ഫാല്‍ക്കന്‍ ഹെവിയില്‍ ചന്ദ്രനു ചുറ്റും പറക്കുവാനായി രണ്ടു സ്വകാര്യ വ്യക്തികള്‍ ” സാരമായൊരു തുക’ നല്‍കിയിട്ടുണ്ട് എന്നും മാസ്ക് അറിയിച്ചിരുന്നു.