ന്യൂഡൽഹി: ഇന്ത്യൻ മൊബൈൽ വിപണിയിൽ ശക്തമായ സ്വാധീനം നേടിയ മോട്ടോ ഫോൺ നിരയിൽ ഏറ്റവും പുതിയ ഇനമായ ഇ4 പ്ലസിന്റെ വിൽപ്പന ഇന്നാരംഭിക്കും. ഫ്ലിപ് കാർട്ടിലൂടെയാണ് ഫോൺ വിൽപ്പന നടക്കുക.

5000 എംഎഎച്ച് ബാറ്ററി ശക്തിയുള്ള ഫോൺ, മോട്ടോ ഫോൺ നിരയിൽ തന്നെ ഏറ്റവും വലുതാണ്. ഉച്ചയ്‌ക്ക് 12 മണിക്കാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.

കഴിഞ്ഞ മാസം തന്നെ ആഗോള തലത്തിൽ മോട്ടോ ഇ4 പ്ലസ് പുറത്തിറക്കിയിരുന്നു. അമേരിക്കയിൽ 179.99 ഡോളറാണ് ഫോണിന്റെ വില. ഇന്ത്യൻ വിപണിയിൽ ഇത് 11,600 രൂപയാണ്. അതേസമയം 12000 രൂപ വിലയിലാണ് ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുന്നത്.

ക്സിയോമി റെഡ്മി നോട്ട് 4, റെഡ്മി ഫോർ മൊബൈൽ ഫോണുകൾക്ക് നേരെയാണ് ഇ4 പ്ലസിന്റെ മത്സരം.

മോട്ടോ ജി5 സീരീസിന് സമാനമായ രൂപഘടനയാണ് മോട്ടോ ഇ4 പ്ലസിന്റേതും. ബഡ്ജറ്റ് സ്മാർട്ട് ഫോൺ വിഭാഗത്തിൽ മോട്ടോ സി, മോട്ടോ സി പ്ലസ് ഫോണുകൾ മോട്ടോ പുറത്തിറക്കിയിട്ടുണ്ട്.

മോട്ടോ ഇ4 പ്ലസിന്റെ ഹോം ബട്ടണിൽ ഫിംഗർപ്രിന്റ് സ്കാനറും ലഭ്യമാണ്. 1080*720 പിക്സൽ റെസല്യൂഷനാണ് ഫോണിന്. 5.5 ഇഞ്ച് ഡിസ്പ്ലേ. ക്വാഡ് കോർ ക്വാൽകം സ്നാപ്ഡ്രാഗൺ 425 പ്രൊസസറാണ് ഫോണിനുള്ളത്. 2 ജിബി റാം, 16 അല്ലെങ്കിൽ 32 ജിബി ഇന്റേണൽ മെമ്മറി, 13 എംപി റിയർ കാമറ, 5 എംപി ഫ്രണ്ട് കാമറ എന്നിവയാണ് ഫോണിന്റെ ഫീച്ചർ. ആൻഡ്രോയ്ഡ് 7.1.1 നൂഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ റൺ ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ