ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈൽ നമ്പർ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളുമായി ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിന്റെ ഭാഗമായി രാജ്യത്ത് 11 അക്ക മൊബൈല്‍ നമ്പറുകള്‍ ഉപയോഗിക്കണമെന്ന് ട്രായ് ശുപാർശ ചെയ്തു. രാജ്യത്ത് ഏകീകൃത മൊബൈൽ നമ്പറിങ്ങ് രീതി പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നിർദേശങ്ങളാണ് ട്രായ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് ഫിക്സഡ് ലൈൻ, മൊബൈൽ ഫോൺ കണക്ഷനുകൾക്ക് ആവശ്യമായത്രയും നമ്പറുകൾ ലഭ്യമാക്കുന്നതിനായാണ് നടപടിയെന്നും ട്രായ് വ്യക്തമാക്കി.

പുതിയ നിർദേശങ്ങൾ നടപ്പാക്കിയാൽ നിലവിലുള്ള ഫോൺ നമ്പറുകളിൽ മാറ്റം വരും. ഒരു ഫിക്സഡ് ലാൻഡ് ലൈൻ കണക്ഷനിൽ നിന്ന് മൊബൈൽ നമ്പറുകളിലേക്ക് വിളിക്കാൻ നമ്പറിനുമുൻപ് പൂജ്യം ചേർക്കേണ്ടി വരും. 11 അക്കത്തിലേക്ക് മാറുമ്പോൾ നിലവിലുള്ള മൊബൈൽ നമ്പറുകളുടെ തുടക്കത്തിൽ 9 എന്ന അക്കം അധികമായി ചേർക്കും.

Read More: ട്രൂകോളർ വഴി 4.75 കോടി ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർന്നു, ഡാർക് വെബിൽ വിൽപനയ്ക്ക്? 

വൈഫൈ ഡോംഗിളുകളിലുപയോഗിക്കുന്ന സിം കാർഡുകളുടെ നമ്പറുകൾ 13 അക്കങ്ങളാക്കണമെന്നും ട്രായ് ശുപാർശ ചെയ്യുന്നു. നിലവിൽ മൊബൈൽ നമ്പറുകളുടേതിന് സമാനമായി 10 അക്ക നമ്പറുകളാണ് ഡോംഗിളുകൾക്കും.

ഫിക്സഡ് ലൈൻ നമ്പറുകൾ 2,4 എന്നീ നമ്പറുകളിൽ തുടങ്ങുന്ന സബ് ലെവലുകളിലേക്ക് മാറ്റും. നേരത്തേ ചില ലാൻഡ് ലൈൻ കണക്ഷനുകളിൽ 3,5,6 സബ്ലെവലുകളിൽ നമ്പർ നൽകിയിരുന്നു. എന്നാൽ ഈ നമ്പറുകൾ ഇപ്പോൾ ഉപയോഗത്തിലില്ല. നിലവിൽ ഉപയോഗത്തിലില്ലാത്ത നമ്പറുകളെ ഭാവിയിലുള്ള മൊബൈൽ കണക്ഷനുകൾക്ക് ഉപയോഗിക്കുന്നതിനായി മൊബൈൽ സേവന ദാതാക്കൾക്ക് നൽകും.

2003ലെ നാഷനൽ നമ്പറിങ്ങ് പ്ലാൻ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ രാജ്യത്തെ ഫോൺ നമ്പറുകൾ. 45 കോടി മൊബൈൽ ഫോണുകളും 30 കോടി ലാൻഡ് ഫോണുകളുമടക്കം ആകെ 75 കോടി ഫോൺ നമ്പറുകളെ ഉൾക്കൊള്ളാനാണ് 2003ലെ നാഷനൽ നമ്പറിങ്ങ് പ്ലാൻ പ്രകാരം കഴിയുക. 2030ഓടെ രാജ്യത്തെ ടെലഫോൺ സാന്ദ്രത ജനസംഖ്യയുടെ 50 ശതമാനം എന്ന നിരക്കിലേക്കുയരുമെന്ന് കണക്കാക്കിയാണ് രാജ്യത്ത് നാഷനൽ നമ്പറിങ്ങ് പ്ലാൻ 2003 പ്രാബല്യത്തിൽ വരുത്തിയത്.

Read More: ഇന്ത്യക്ക് പകരം ‘ഭാരത്’: ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹർജി ജൂൺ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും

എന്നാൽ 2020ൽ ഇന്ത്യയുടെ ടെലഫോൺ സാന്ദ്രത ജനസംഖ്യയുടെ 87.45 ശതമാനമായി വർധിച്ചു. 117.702 കോടി ടെലഫോൺ വരിക്കാരാണ് 2020 ജനുവരി വരെയുള്ള കണക്ക് പ്രകാരം രാജ്യത്തുള്ളത്.10 അക്കങ്ങളാണെങ്കിൽ 9,8,7 അക്കങ്ങളിൽ തുടങ്ങുന്ന 215 കോടി മൊബൈൽ നമ്പറുകളെയാണ് ഉൾക്കൊള്ളാൻ കഴിയുക.

എന്നാൽ 2019 നവംബർ 04 വരെയുള്ള കണക്ക് പ്രകാരം 9,8,7,6 അങ്ങളിൽ തുടങ്ങുന്ന 191.73 കോടി മൊബൈൽ നമ്പറുകളാണ് രാജ്യത്തെ വിവിധ ടെലകോം ഓപ്പറേറ്റർമാർക്ക് ആകെ അനുവദിച്ചത്. ഒൻപതിൽ തുടങ്ങുന്ന 83.45 കോടിയും, എട്ടിൽ തുടങ്ങുന്ന 50.77 കോടിയും, ഏഴിൽ തുടങ്ങുന്ന 47.04 കോടിയും, ആറിൽ തുടങ്ങുന്ന 10.47 കോടിയും നമ്പറുകളാണ് വിവിധ ടെലകോം സേവന ദാതാക്കൾക്കായി 019 നവംബർ വരെ അനുവദിച്ചത്.

Trai Recommendations: //trai.gov.in/sites/default/files/Recommendations_29052020_0.pdf

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook