കൊച്ചി: നീലക്കുറിഞ്ഞി പൂക്കാലം കാണാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്കു വഴികാട്ടിയായി ഇനി നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പും. ‘നീലക്കുറിഞ്ഞി സീസണ്‍ 2018’ എന്ന പേരില്‍ ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിട്ടുളളത്.
കുറിഞ്ഞി പൂക്കാലം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പാര്‍ക്കിങ്, ട്രാഫിക്ക് നിയന്ത്രണങ്ങള്‍, മൂന്നാറിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, അടിസ്ഥാന സൗകര്യം, ടൂര്‍ പാക്കേജുകള്‍, ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ എന്നിവ മൊബൈല്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. നീലക്കുറിഞ്ഞി സീസണ്‍ 2018 മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവുമെന്ന് ഡിടിപിസി അധികൃതര്‍ വ്യക്തമാക്കി.
നീലക്കുറിഞ്ഞി സീസന്റെ പ്രത്യേകതകളും മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങളും അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഇത്
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെയും കേരള ഐറ്റി. മിഷന്റെയും സഹകരണത്തോടെയാണ് നീലക്കുറിഞ്ഞി മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച ഇടുക്കി കലക്ടറേറ്റിൽ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടറും ഡിറ്റിപിസി ചെയര്‍മാനുമായ ജീവന്‍ ബാബു കെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. എ.ഡി.എം. പി.ജി. രാധാകൃഷണന്‍, ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി. വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ പി സന്തോഷ്, ജില്ലാ അക്ഷയാ പ്രൊജകട് ഓഫീസര്‍ നിവേദ്. എസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതിനിടെ കനത്തമഴയും പ്രളയവും മൂലം രണ്ടുമാസം വൈകിയ നീലക്കുറിഞ്ഞി പൂക്കാലം കാണാന്‍ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തുന്നുണ്ട്. ഇരവികുളം നാഷണല്‍പാര്‍ക്ക്, കൊളുക്കുമല എന്നിവിടങ്ങളിലാണ് പ്രധാനമായും നീലക്കുറിഞ്ഞി പൂത്തിട്ടുള്ളത്. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നു നീലക്കുറിഞ്ഞി പൂക്കാലത്ത് സഞ്ചാരികളെ മൂന്നാറിലെത്തിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.