ഇടുക്കി: ഇടുക്കിയെ മിടുക്കിയാക്കാന്‍ മൊബൈല്‍ ആപ്പുമായി റവന്യൂ വകുപ്പ്. ഇടുക്കി ജില്ലയിലെ ഏറ്റവും സങ്കീർണമായ പ്രശ്‌നങ്ങളിലൊന്നായ പട്ടയ വിഷയത്തില്‍ കാര്യക്ഷമമായ നടപടി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് റവന്യൂ വകുപ്പ് മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്.

ഇടുക്കി ജില്ലയില്‍ 2017-ല്‍ സമര്‍പ്പിച്ച പട്ടയ അപേക്ഷകളുടെ നിജസ്ഥിതി പരിശോധിക്കാനാണ് മിടുക്കി എന്ന പേരില്‍ തയാറാക്കിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്പ് പ്രയോജനപ്പെടുത്തുക.

നിലവില്‍ 29000-ത്തോളം പട്ടയ അപേക്ഷകളാണ് ഇതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ഏഴ് ഭൂമി പതിവ് ഓഫീസുകള്‍ വഴി ലഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ലഭിച്ചിട്ടുള്ള പട്ടയ അപേക്ഷകളുടെ നടപടി ക്രമങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. അപേക്ഷകള്‍ ജില്ലാ ഭരണകൂടം തയാറാക്കിയ കേന്ദ്രീകൃത കംപ്യൂട്ടര്‍ സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന എട്ടക്ക റജിസ്റ്റര്‍ നമ്പര്‍ സഹിതമുള്ള രസീത് എല്ലാ അപേക്ഷകര്‍ക്കും നല്‍കിയിട്ടുണ്ട്. ഈ നമ്പര്‍ ഉപയോഗിച്ചാണ് അപേക്ഷകര്‍ തങ്ങളുടെ അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കേണ്ടത്.

പട്ടയ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന നമ്പര്‍ മൊബൈല്‍ ആപ്പില്‍ നല്‍കിയാല്‍ അപേക്ഷകന്റെ വിവരങ്ങളും പട്ടയ അപേക്ഷയുമായി ബന്ധപ്പെട്ട ഇതുവരെയുള്ള നടപിക്രമങ്ങളും മൊബൈല്‍ സ്‌ക്രീനില്‍ തെളിയും. ഏതെങ്കിലും സാഹചര്യത്തില്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കാരണവും ലഭ്യമാകും.

ഇടുക്കി ജില്ലാ ഭരണകൂടം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് മൊബൈല്‍ ആപ്പ് തയാറാക്കിയിരിക്കുന്നത്. midukki എന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സെര്‍ച്ച് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡു ചെയ്യാനാവും. ഭാവിയില്‍ കൂടുതല്‍ സേവനങ്ങള്‍ ആപ്പ് വഴി ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ