ഫോണ്‍ താഴെ വീണാല്‍ താനെ തുറന്ന് സംരക്ഷണം നല്‍കുന്ന ‘മൊബൈല്‍ എയര്‍ബാഗ്’ ജര്‍മ്മന്‍ എൻജിനീയറിങ് വിദ്യാര്‍ത്ഥി രൂപകല്‍പ്പന ചെയ്‌തു. പൊട്ടല്‍, പോറല്‍, വെളളം കയറല്‍ എന്നിവയില്‍ നിന്നൊക്കെ ഫോണിനെ സംരക്ഷിക്കാന്‍ ഇന്ന് വിപണയില്‍ നമുക്ക് പല വിധത്തിലുളള കെയ്‌സുകള്‍ ലഭ്യമാണ്. എന്നാല്‍ ഫോണിന്റെ ഭംഗിയും ഒതുക്കവും കളയുന്നതായിരിക്കും പലപ്പോഴും ഇത്തരത്തിലുളള കെയ്‌സുകള്‍.

എന്നാല്‍ ‘ആക്‌ടീവ് ഡാമ്പിങ്’ (എഡി) എന്ന പരിഹാരമാര്‍ഗത്തിലൂടെയുളള ഈ കെയ്സിന്റെ പേറ്റന്റിനായി വിദ്യാര്‍ത്ഥി റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ആക്‌ടീവ് ഡാമ്പിങ്ങില്‍ കൈയ്യില്‍ നിന്നും ഫോണ്‍ താഴെ വീഴുമ്പോള്‍ എല്ലാ ഭാഗത്ത് നിന്നും സ്പ്രിങ് വിടര്‍ന്ന് വീഴ്‌ചയില്‍ സംരക്ഷണം നല്‍കും.

ജര്‍മ്മനിയിലെ ആലന്‍ സര്‍വ്വകലാശാലയിലെ ഫിലിപ് ഫ്രെന്‍സെല്‍ എന്ന 25കാരനാണ് മൊബൈല്‍ എയര്‍ ബാഗ് കണ്ടുപിടിച്ചത്. തന്റെ സ്‌മാർട്ഫോണ്‍ തൂണിലിടിച്ച് തകര്‍ന്നതോടെയാണ് ഫിലിപ്പ് ഇതിന് പരിഹാര മാര്‍ഗം തേടിയത്. വലുപ്പമുളളതും കൈയ്യില്‍ ഒതുങ്ങാത്തതുമായ കെയ്‌സ് അല്ലാതെ ഒതുക്കമുളള ഒന്ന് നിര്‍മ്മിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. നാല് വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് താഴെ വീഴുമ്പോള്‍ സെന്‍സറിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന കെയ്‌സ് അദ്ദേഹം വികസിപ്പിച്ചെടുത്തത്.

താഴെ വീഴുമ്പോള്‍ നേരിയ കെയ്സിലെ നാല് സ്പ്രിങ്ങുകള്‍ താനെ നിവര്‍ന്ന് തറയില്‍ തട്ടി മേലോട്ട് ചാടും. വീഴ്‌ചയില്‍ ഫോണിന് പോറലേല്‍ക്കുന്നതില്‍ നിന്നും ഇത് സഹായകമാവും. ഒരു തവണ സ്പ്രിങ് പുറത്തേക്ക് വന്നാല്‍ വീണ്ടും അകത്തേക്ക് തന്നെ തള്ളി വച്ച് ഉപയോഗിക്കാനാവും. അതായത് ഒരു തവണ താഴെ വിണെന്ന് കരുതി നമ്മുടെ ‘മൊബൈല്‍ എയര്‍ ബാഗ്’ ഉപയോഗശൂന്യമാവില്ല. അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തിന് ജര്‍മ്മന്‍ മെക്കാട്രോണിക്കിന്റെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പേറ്റന്റ് ലഭിക്കുന്നതോടെ എയര്‍ ബാഗ് വിപണിയിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook