തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ ബി സി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുളള വായ്പാ പദ്ധതിയിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പദ്ധതി പ്രകാരം പരാമവധി 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും കുടുംബ വാര്‍ഷിക വരുമാനമുളള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും.

ഇതേ വരുമാന പരിധിയിലുള്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ അനുവദിക്കും. ഈ വരുമാന പരിധിക്ക് മുകളില്‍ ആറ് ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുളള മത ന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതിനും പദ്ധതിയുണ്ട്. തിരിച്ചടവ് കാലയളവ് 84 മാസം വരെ.

അപേക്ഷകർ സംസ്ഥാനത്തെ ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി, അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി, ഫുഡ് ടെക്‌നോളജി,ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൊട്ടോഗ്രാഫി, വിഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ് കവിയാന്‍ പാടില്ല.

ഈ പദ്ധതി പ്രകാരം മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്ലീനിക്, വെറ്ററിനറി ക്ലീനിക്, സിവില്‍ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ് സെന്റര്‍, ഫുഡ് പ്രോസസിങ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ് എന്‍ജിനീയറിങ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും.

ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുളള തുകയും അതിന്റെ പലിശയും മാത്രം തിരിച്ചടിച്ചാൽ മതിയാകും.
താൽപര്യമുളള പ്രൊഫഷണലുകള്‍ www.ksbcdc.com എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാറില്‍ സംബന്ധിക്കണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ