യോഗയെ കൂടുതല്‍ ജനകീയമാക്കാനുള്ള പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂണ്‍ 21രാജ്യാന്തര യോഗാദിനത്തെ മുന്‍നിര്‍ത്തിയാണ് ആയുഷ് മന്ത്രാലയം പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തുന്നത്. ‘യോഗ ലൊക്കേറ്റര്‍'( The Yoga Locator) എന്ന പേരിലുള്ള ആപ്ലിക്കേഷനിലൂടെ, അടുത്തുള്ള നഗരത്തില്‍ നടക്കുന്ന യോഗയുമായി ബന്ധപ്പെട്ട പരിപാടികള്‍ മനസിലാക്കാനാകും. നമുക്ക് സമീപത്തുള്ള അംഗീകൃത യോഗ പരിശീലന കേന്ദ്രങ്ങളുടെയും യോഗ പരിശീലകരുടെയും വിവരങ്ങളും ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കണ്ടെത്താം.

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി യോഗ ലൊക്കേറ്റര്‍ എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. യോഗ പരിശീലകര്‍ക്ക് തങ്ങളുടെ പരിശീലനത്തിന്‍റെ വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.

Read Also: യോഗയിലൂടെ പ്രമേഹത്തെ വരുതിയിലാക്കാം, ചില യോഗാസനങ്ങള്‍

യോഗ ലൊക്കേറ്റര്‍ ആപ് ഉപയോഗിക്കേണ്ട വിധം

യോഗ ലൊക്കേറ്റര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം, നമ്മുടെ സമീപത്തുള്ള നഗരവും അതില്‍ രേഖപ്പെടുത്തുക. അപ്പോള്‍ സമീപത്തുളള യോഗ പരിശീലന കേന്ദ്രങ്ങളുടെയും പരിശീലകരുടെയും ഇതുമായി ബന്ധപ്പെട്ട പരിപാടികളുടെയും വിവരങ്ങള്‍ ലഭ്യമാകും. പേരും, വിലാസവും, ഇ-മെയില്‍ വിലാസവും, മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെ യോഗ പരിശീലകരുടെയും,പരിശീലനകേന്ദ്രങ്ങളുടെയും മുഴുവന്‍ വിവരങ്ങളും ഞൊടിയിടയില്‍‌ കണ്ടെത്താം. രജിസ്റ്റര്‍ ചെയ്തിരിക്കുന്ന യോഗ പരിശീലകരുടെ വിവരങ്ങള്‍ മാത്രമാണ് ലഭ്യമാവുക. ഗൂഗിള്‍ മാപ്പുമായി, ലിങ്ക് ചെയ്തിരിക്കുന്നത് കൊണ്ട് നമ്മള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും കൃത്യമായി പരിശീലന കേന്ദ്രത്തില്‍ എത്താനുള്ള വഴിയും കണ്ടുപിടിക്കാം. യോഗയുമായി ബന്ധപ്പെട്ടുള്ള പരിപാടികൾ ഓര്‍മിപ്പിക്കാനുള്ള സംവിധാനവും ആപ്പില്‍ ഉണ്ട്. നിലവില്‍ പരിശീലകരുടെയും പരിശീലനകേന്ദ്രങ്ങളുടെയും നീണ്ട പട്ടിക തന്നെ ലഭിച്ചിട്ടുണ്ട്.

അംഗീകൃത പരിശീലകര്‍ക്കും പരിശീലനകേന്ദ്രങ്ങള്‍ക്കും ഇനിയും തങ്ങളുടെ വിവരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. യോഗ ലൊക്കേറ്റർ ആപ് എപ്പോഴും നിലനിൽക്കുന്നതാണെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓരോ വർഷവും അവരവരുടെ ചുറ്റുപാടും നടക്കുന്ന യോഗയുമായി ബന്ധപ്പെട്ട പരിപാടികളെക്കുറിച്ച് വിവരം ആപ്പിലൂടെ അറിയാമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook