scorecardresearch

വ്യാജമരുന്ന് തിരിച്ചറിയാൻ ആപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ മൈക്രോസോഫ്റ്റിന്റെ സമ്മാനം

ചിദ്രൂപ്, പ്രതീക് മൊഹാപാത്ര, എച്ച് എസ് ശ്രീഹരി എന്നീ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കാണ് സമ്മാനം ലഭിച്ചത്

ബെംഗലുരു: വ്യാജമരുന്ന് തിരിച്ചറിയാനുളള മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മൈക്രോസോഫ്റ്റിന്റെ സമ്മാനം. ബെംഗലുരു ആർവി കോളേജ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളായ ചിദ്രൂപ്, പ്രതീക് മൊഹാപാത്ര, എച്ച് എസ് ശ്രീഹരി എന്നിവർക്കാണ് 15000 ഡോളർ സമ്മാനമായി ലഭിച്ചത്. 10.3 ലക്ഷം രൂപയോളം വരുമിത്.

ഡ്രഗ്സേഫ് എന്ന ആപ്ലിക്കേഷനാണ് ഇവർ വികസിപ്പിച്ചത്. ഇതിലൂടെ ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്‌നിഷൻ(ഒസിആർ) അടക്കമുളള അതിസങ്കീർണ്ണമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മരുന്നിന്റെ കവറിന് പുറത്തെ ഏറ്റവും ചെറിയ വിവരങ്ങൾ പോലും വിശകലനം ചെയ്താണ് മരുന്നുകൾ വ്യാജമാണോയെന്ന് മനസിലാക്കുക.

ആപ്ലിക്കേഷനിലെ കമ്യൂണിറ്റി എന്ന ഭാഗത്ത് ആരോഗ്യസുരക്ഷ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾ വരെ അറിയാനാവുന്ന പുതിയ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ വ്യാവസായികമായി ഈ ആപ്ലിക്കേഷൻ പുറത്തുവിട്ടിട്ടില്ല.

മരുന്നുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിൽ ഡ്രഗ്സേഫ് ഏറെ സഹായകരമാകുമെന്നാണ് മൈക്രോസോഫ്റ്റ് വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇന്ന് വിൽക്കപ്പെടുന്നവയിൽ പാതിയും വ്യാജമരുന്നുകളാണെന്നാണ് വിവരം. ഈ ഘട്ടത്തിൽ ഈ ആപ്ലിക്കേഷൻ ജനങ്ങൾക്ക് ഏറെ സഹായകരമാകുമെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു.

പുരസ്കാര നേട്ടത്തിന് പിന്നാലെ ആപ്ലിക്കേഷനിൽ കൂടുതൽ മാറ്റങ്ങൾ വരുത്താനാണ് മൂവരും തീരുമാനിച്ചിരിക്കുന്നത്.

ജനങ്ങളെ ദൈനംദിന ജീവിതത്തിൽ ഏറെ സഹായകരമാകുന്ന ആപ്ലിക്കേഷനുകളെയാണ് ഇമാജിൻ കപ് എന്ന മൈക്രോസോഫ്റ്റിന്റെ വാർഷിക പരിപാടിയിൽ പ്രോത്സാഹനം നൽകാറുളളത്. ഇക്കുറി കാനഡയിൽ നിന്നുളള സ്മാർട്ട്റാം എന്ന കമ്പനിയാണ് ഈ സമ്മാനം നേടിയത്.

 

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Microsoft awards indian students for app that can identify fake drugs