ട്വറ്ററിനു പിന്നാലെ കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി മെറ്റയും. ഈ വര്‍ഷം 13 ശതമാനം ജീവനക്കാരെ അല്ലെങ്കില്‍ പതിനൊന്നായിരത്തിലേറെ ജീവനക്കാരെ ഒഴിവാക്കുമെന്നു ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്‌ഫോം ഇന്‍ക് വ്യക്തമാക്കി.
കുതിച്ചുയരുന്ന ചെലവുകളുടെയും ദുര്‍ബലമാകുന്ന പരസ്യ വിപണിയുടെയും സാഹചര്യത്തിലാണ് ടെക് രംഗത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നിന് മെറ്റ തയാറെടുക്കുന്നത്. മെറ്റയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു നടപടി.
കോവിഡ് മഹാമാരി സാഹചര്യത്തിനൊപ്പം പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പവും അതിവേഗം ഉയരുന്ന പലിശനിരക്കും ടെക് കമ്പനികള്‍ക്കു ഈ വര്‍ഷം കനത്ത പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്.
”ഓണ്‍ലൈന്‍ വ്യാപാരം മുന്‍കാല പ്രവണതകളിലേക്കു മടങ്ങിയതും മാക്രോ ഇക്കണോമിക് മാന്ദ്യം, വര്‍ധിച്ച മത്സരം, പരസ്യവരുമാനം നഷ്ടം എന്നിവയും ഞങ്ങളുടെ വരുമാനം പ്രതീക്ഷിച്ചതിലും വളരെ കുറവായിരിക്കാന്‍ കാരണമായി,”മെറ്റ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
”എനിക്ക് ഇത് തെറ്റിപ്പോയി, അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു,” അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
കൂടുതല്‍ മൂലധനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ സക്കര്‍ബര്‍ഗ്, എ ഐ ഡിസ്‌കവറി എന്‍ജിന്‍, പരസ്യങ്ങള്‍, ബിസിനസ് പ്ലാറ്റ്ഫോമുകള്‍, മെറ്റാവേര്‍സ് പ്രോജക്റ്റ് എന്നിവ പോലുള്ള ‘ഉയര്‍ന്ന മുന്‍ഗണനാ വളര്‍ച്ചാ മേഖലകളിലേക്ക്’ കമ്പനിയുടെ വിഭവങ്ങള്‍ മാറ്റുമെന്നും കൂട്ടിച്ചേര്‍ത്തു.
പിരിച്ചുവിടുന്നവര്‍ക്കു ഓരോ വര്‍ഷത്തെ സേവനത്തിനും 16 ആഴ്ചത്തെ അടിസ്ഥാന ശമ്പളത്തിനൊപ്പം രണ്ടാഴ്ചത്തെ ശമ്പളം കൂടി ഉള്‍പ്പെടുന്ന പാക്കേജാണ് മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആറ് മാസത്തേക്കുള്ള ആരോഗ്യപരിചരണച്ചെലവും ലഭിക്കും.
അനാവശ്യ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ആദ്യ പാദത്തില്‍ നിയമനം മരവിപ്പിക്കാനും പദ്ധതിയിടുന്നതായി മെറ്റ പറഞ്ഞു. മൂല്യത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിലധികം നഷ്ടപ്പെട്ട കമ്പനിയുടെ ഓഹരികള്‍, പ്രീ മാര്‍ക്കറ്റ് ട്രേഡിങ്ങില്‍ ഏകദേശം മൂന്നു ശതമാനം ഉയര്‍ന്നു.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്റര്‍, മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റു പ്രമുഖ ടെക് കമ്പനികള്‍ നേരത്തെ ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.