ഒന്നിലെങ്കിൽ തങ്ങൾക്ക് വെല്ലുവിളിയാകുന്ന കമ്പനികളെ വാങ്ങുക, അല്ലെങ്കിൽ അതിലെ ജനപ്രിയമായ ഫീച്ചറുകൾ അനുകരിക്കുക. വർഷങ്ങളായി ഫെയ്സ്ബുക്ക് തുടർന്നുവരുന്ന രീതിയാണിത്. ഇന്നും അതിന് മാറ്റം വന്നിട്ടില്ല.
ഫെയ്സ്ബുക്കിന്റെ ഉടൻ വരാൻ പോകുന്ന അപ്ഡേറ്റിൽ അതിന്റെ പ്രധാന പേജിന്റെ ഡിസൈൻ മാറ്റാൻ ഒരുങ്ങുകയാണ് കമ്പനി. മറ്റൊരു ജനപ്രിയ സോഷ്യൽമീഡിയ ആപ്പായ ടിക് ടോക്കിനെ അനുകരിക്കും വിധമുള്ള ഡിസൈനാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
ഫെയ്സ്ബുക്ക് ഉപയോക്താക്കൾ ഉടൻ തന്നെ പുതിയ ഹോം ടാബ് ഫെയ്സ്ബുക്ക് ആപ്പിൽ ലഭ്യമാകും, അതിൽ സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവരുടെ ഫൊട്ടോ, വീഡിയോ അപ്ഡേറ്റുകളൊക്കെ വേർതിരിച്ചുള്ള ടാബുകളിൽ കാണാനാകും. നിങ്ങളുടെ നെറ്റ്വർക്കിന് പുറത്തുള്ള ആളുകളുടെ വ്യത്യസ്ത പോസ്റ്റുകൾ “Suggested for You” എന്ന മറ്റൊരു ടാബിന് കീഴിലായും കാണാൻ കഴിയും. ഫെയ്സ്ബുക്കിന്റെ അല്‍ഗൊരിതവും നിര്‍മിത ബുദ്ധിയും മെഷീന് ലേണിങും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിസ്കവറി എഞ്ചിന് നിര്‍ദേശിക്കുന്ന ഉള്ളടക്കങ്ങളാവും അതിൽ കാണുക.
ചുരുക്കി പറഞ്ഞാൽ, ഫെയ്സ്ബുക്ക് ടിക് ടോക് പോലെയാകും. സ്വന്തം നെറ്റ്വർക്കിലെ ആളുകളിൽ നിന്നുള്ള ഉള്ളടക്കങ്ങളെ അധികം ആശ്രയിക്കാതെ, അൽഗൊരിതം, ആളുകൾ കൂടുതൽ കാണുന്ന ചർച്ച ചെയ്യുന്ന ഉള്ളടക്കങ്ങളാണ് ടിക് ടോക് നൽകുക. ഇത് തന്നെയാണ് പുതിയ അപ്ഡേറ്റിലൂടെ ഫെയ്സ്ബുക്ക് കൊണ്ടുവരുന്നത്.
പുതിയ അപ്ഡേറ്റിൽ സുഹൃത്തുക്കൾ, ഗ്രൂപ്പുകൾ, പേജുകൾ എന്നിങ്ങനെ വ്യത്യസ്ത ടാബുകൾ ഹോം പെജിൽ തന്നെ ലഭ്യമാകും. ഇതിനു പുറമെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പേജുകളും ഗ്രൂപ്പുകളും ഉൾപ്പെടുത്താൻ കഴിയുന്ന ഫേവറൈറ്റ് ലിസ്റ്റും ഇതെല്ലാം സംയോജിപ്പിച്ച ഓൾ ലിസ്റ്റും ഉണ്ടാകും. ഓൾ ലിസ്റ്റിൽ അൽഗൊരിതവും നിർമിത ബുദ്ധിയും ഉപയോഗിച്ച് തിരഞ്ഞെടുത്ത ഉള്ളടക്കങ്ങളും വരും. റീലുകളും വീഡിയോകളും എല്ലാം ഇതിലുണ്ടാകും.
കൂടുതൽ ഉപയോക്താക്കളെ ആപ്പിലേക്ക് ആകർഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഫെയ്സ്ബുക്കിന്റെ പുതിയ മാറ്റം. അടുത്ത ആഴ്ചയോടെ ആഗോളത്തിലത്തിൽ പുതിയ അപ്ഡേറ്റ് ലഭ്യമാകും എന്നാണ് വിവരം.