ഫെയ്സ്ബുക്ക് കമ്പനിയുടെ പേര് മാറ്റാൻ പദ്ധതിയിടുന്നുവെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെ പേരുമാറ്റൽ സംബന്ധിച്ച ചർച്ചകളും സജീവമാവുകയാണ്.
കമ്പനി, “എഫ്ബി”, “ദി ഫേസ്ബുക്ക്” എന്നീ പേരുകളിലേക്ക് മടങ്ങിപോയേക്കുമെന്ന് ഉൾപ്പടെയുള്ള ചർച്ചകളാണ് ട്വിറ്ററിൽ നടക്കുന്നത്. ഫെയ്‌സ്‌ബുക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വെർച്വൽ റിയാലിറ്റി പ്ലാറ്റ്ഫോമായ “ഹൊറൈസണുമായി” പുതിയ പേരിന് ബന്ധമുണ്ടാകുമെന്ന് ഫെയ്‌സ്‌ബുക്കിന്റെ പേര് മാറ്റൽ റിപ്പോർട്ട് ചെയ്ത വേർജ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് ഭാവിയിൽ അതിന്റെ മെറ്റാവേഴ്സിന്റെ പേരിൽ അറിയപ്പെടണം എന്ന സക്കർബർഗിന്റെ ആഗ്രഹത്തിന് അംഗീകാരം നൽകുന്നതാണത്.
മറ്റു പേരുകൾക്ക് ഒപ്പം, ഫേസ്ബുക്കിന്റെ മുൻ സിവിക് ഇന്റ്റഗ്രിറ്റി ചീഫായ സമിദ് ചക്രവർത്തി മുന്നോട്ട് വെച്ച പേരാണ് “മെറ്റാ” എന്നത്. നിലവിൽ meta.com എന്ന വിലാസം meta.org എന്ന വിലാസത്തിലേക്കാണ് റീഡയറകട് ചെയ്യുന്നത്, ചാൻ സക്കർബർഗിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ബയോമെഡിക്കൽ റിസർച്ച് ഡിസ്കവറി ടൂളിന്റെ ഹോം പേജാണ് ഇത്. മെറ്റാവേഴ്സ് സ്ഥാപനത്തിന്റെ പേരിനായുള്ള മത്സരത്തിൽ ഒരുപിടി മുന്നിൽ സക്കർബർഗ് ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണിത്.
ഫെയ്സ്ബുക്കിനെ ഒരു മെറ്റാവേഴ്സ് കമ്പനിയായി പുനസ്ഥാപിക്കുക എന്നതാണ് റീബ്രാൻഡിങ് കൊണ്ട് ലക്ഷ്യമിടുന്നത്. ഗൂഗിളും അതിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റും പ്രവർത്തിക്കുന്ന രീതിയിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് തുടങ്ങിയ ആപ്പുകളും സേവനങ്ങളും അതേ ബ്രാൻഡിംഗ് നിലനിർത്തി തുടരാനാണ് സാധ്യത. എന്നാൽ ഇതുസംബന്ധിച്ച് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല.
Also Read: ഫെയ്സ്ബുക്ക് പേര് മാറ്റുന്നു? റീബ്രാൻഡിങ്ങിന് ഒരുങ്ങുന്നതായി റിപ്പോർട്ട്
മെറ്റാ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന നിരവധി ഘടകങ്ങളുണ്ട്: സിലിക്കൺ വാലി സ്ഥാപനങ്ങൾ അഭിമാനത്തിന്റെ അടയാളമായി ഹ്രസ്വ ഡൊമെയ്ൻ പേരുകൾ സ്വീകരിക്കാറുണ്ട്. മെറ്റാ എന്ന പേരിലുള്ള ഏതൊരു കമ്പനിയ്ക്കും ഇപ്പോൾ “മെറ്റാവേഴ്സ്” എന്ന പേരിന് അവകാശവാദം ഉന്നയിക്കാനാകും.
2017ൽ, ചാൻ സക്കർബർഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രീയ പേപ്പറുകൾ തിരയാൻ കഴിയുന്ന ‘മെറ്റാ’ എന്ന കമ്പനി സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ഇത് meta.org ന്റെ ഭാഗമാണ്. 2019ൽ ഇതേ പേരിലുള്ള ഓഗ്മെന്റഡ്-റിയാലിറ്റി സ്റ്റാർട്ടപ്പ്, എആർ ഹെഡ്‌സെറ്റ് വികസിപ്പിക്കാൻ പദ്ധതിയിട്ട ‘മെറ്റാ വ്യൂ’ എന്ന കമ്പനിക്ക് വിറ്റിരുന്നു, അതിന്റെ വെബ്സൈറ്റ് metavision.com എന്നാണ്.
ഒക്ടോബർ 28നകം പേരുമാറ്റം പ്രഖ്യാപിക്കാൻ ഫെയ്സ്ബുക്ക് പദ്ധതിയിടുന്നതായാണ് ‘ദി വെർജ്’ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.