ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനായി മെറ്റ പ്ലാറ്റ്‌ഫോമുകളിൽനിന്നു വ്യത്യസ്തമായ ഒരു വികേന്ദ്രീകൃത സോഷ്യൽ നെറ്റ്‌വർക്കിന്റെ പണിപ്പുരയിലാണെന്ന് കമ്പനി വക്താവ് വെള്ളിയാഴ്ച പറഞ്ഞു. ശതകോടീശ്വരൻ എലോൺ മസ്കിന്റെ ട്വിറ്ററിനുള്ള എതിരാളിയെയാണ് മെറ്റ നിർമ്മിക്കുന്നത്.
“ടെക്‌സ്‌റ്റ് അപ്‌ഡേറ്റുകൾ പങ്കിടുന്നതിനായി ഞങ്ങൾ ഒരു വികേന്ദ്രീകൃത സോഷ്യൽ നെറ്റ്‌വർക്ക് തിരയുകയാണ്. ക്രിയേറ്റഴ്സിനും പ്രമുഖവ്യക്തികൾക്കും അവരുടെ താൽപ്പര്യങ്ങളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ പങ്കിടാൻ കഴിയുന്ന ഒരു പ്രത്യേക ഇടത്തിന് അവസരമുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” മെറ്റാ വക്താവ് റോയിട്ടേഴ്‌സിന് ഇമെയിലൂടെ അയച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യൻ ബിസിനസ് വാർത്താ വെബ്‌സൈറ്റായ മണികൺട്രോൾ ഡോട്ട് കോമാണ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മെറ്റയുടെ പുതിയ കണ്ടന്റ് ആപ്പ്, ട്വിറ്ററിന്റെ-എതിരാളിയായ മാസ്റ്റോഡോണിനെയും മറ്റ് ഫെഡറേറ്റഡ് ആപ്പുകളെയും ശക്തിപ്പെടുത്തുന്ന വികേന്ദ്രീകൃത സോഷ്യൽ നെറ്റ്‌വർക്കിങ് പ്രോട്ടോക്കോൾ ആയ ആക്ടിവിറ്റി പബിനെ പിന്തുണയ്ക്കുമെന്ന് റിപ്പോർട്ട് പറയുന്നു.
ട്വിറ്ററും ഫെയ്സ്ബുക്കും ഒരു അധികാരിയോ കമ്പനിയോ ആണ് നിയന്ത്രിക്കുന്നതെങ്കിൽ, ആയിരക്കണക്കിന് കമ്പ്യൂട്ടർ സെർവറുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന മാസ്റ്റഡോൺ പോലുള്ള ചെറിയ പ്ലാറ്റ്‌ഫോമുകൾ, വോളണ്ടിയർ അഡ്മിനിസ്ട്രേറ്റർമാരാണ് നിയന്ത്രിക്കുന്നത്.
മെറ്റയുടെ പുതിയ ആപ്പ് ഇൻസ്റ്റാഗ്രാം ബ്രാൻഡഡ് ആയിരിക്കും. ഉപയോക്താക്കളെ അവരുടെ ഇൻസ്റ്റാഗ്രാം ക്രെഡൻഷ്യലുകൾ വഴി രജിസ്റ്റർ ചെയ്യാനോ ലോഗിൻ ചെയ്യാനോ അനുവദിക്കുമെന്ന് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.