ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഫെയ്‌സ്ബുക്ക് സഹസ്ഥാപകൻ മാർക് സുക്കർബർഗ് മൂന്നാം സ്ഥാനത്ത്. വാരൻ ബഫറ്റിനെ മറികടന്നാണ് സുക്കർബർഗ് ഈ നേട്ടം കൈവരിച്ചത്. ആമസോണിന്റെ സ്ഥാപകൻ ജെഫ് ബിസോസും മൈക്രോസോഫ്റ്റിന്റെ സഹ സ്ഥാപകൻ ബിൽ ഗേറ്റ്സുമാണ് സുക്കർബർഗിന് മുന്നിൽ ഇപ്പോഴുളളത്.

ചരിത്രത്തിലാദ്യമായാണ് അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനക്കാരും ടെക്നോളജിയുമായി ബന്ധപ്പെട്ട മേഖലയിൽ നിന്നുളളവരാകുന്നത്. ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യത്തിൽ 2.4 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തിയതോടെയാണ് വാരൻ ബഫറ്റിനെ പിന്നിലാക്കി സുക്കർബർഗ് കുതിച്ചത്.

ബെർക്ഷെയർ ഹതാവെ കമ്പനിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ചെയർമാനുമായ വാരൻ ബഫറ്റിനെക്കാൾ 337 ദശലക്ഷം ഡോളർ അധികം കൈയ്യിലുളള സുക്കർബർഗ് ഇപ്പോൾ 81.6 ബില്യൺ ഡോളറിന്റെ അധിപനാണ്. അതും വെറും 34ാമത്തെ വയസിൽ.

ന്യൂയോർക്കിലെ ഓരോ ദിവസത്തെയും ഓഹരി വിപണി അവസാനിക്കുമ്പോൾ ബ്ലൂംബെർഗ് തയ്യാറാക്കുന്ന പട്ടികയിലാണ് ഈ മാറ്റം വന്നത്. ലോകത്തെ 500 അതിസമ്പന്നരാണ് പട്ടികയിലുളളത്. ഇവരിൽ നൂറോളം പേരും ടെക്നോളജി രംഗത്ത് നിന്നുളളവരാണ്. ഏതാണ്ട് അഞ്ച് ട്രില്യൺ വരും ഇവരുടെ ആസ്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ