വൈറല്‍ പോസ്റ്റുകള്‍ക്ക് മൂക്കുകയറിടാനൊരുങ്ങി ഫെയ്‌സ്ബുക്ക്. സെന്‍സേഷണല്‍ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ക്ക് നിയന്ത്രണം വരുത്തുമെന്നും ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അല്‍ഗോരിതത്തില്‍ വലിയ രീതിയില്‍ മാറ്റം വരുത്തുമെന്നും ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
‘സെന്‍സേഷണല്‍ ഉള്ളടക്കമുള്ള പോസ്റ്റുകളില്‍ നിരന്തരമായി ഇടപെടലുകള്‍ നടത്താന്‍ ആളുകള്‍ക്ക് താത്പര്യം കൂടുതലാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ നിരോധിച്ചിരിക്കുന്ന ഉള്ളടക്കത്തോട് പലപ്പോഴും ആളുകള്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്,’ ഇതില്‍ നിയന്ത്രണം വരുത്തുമെന്ന് വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സുക്കര്‍ബര്‍ഗ് പറഞ്ഞു.
ഉള്ളടക്കത്തില്‍ മിതത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് പദ്ധതിയിടുന്നുണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കുകയും പിന്നീട് അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. ഉള്ളടക്കത്തെ സംബന്ധിച്ച നയങ്ങളുമായി ബന്ധപ്പെട്ട മീറ്റിങ്ങുകളുടെ തീരുമാനങ്ങള്‍ ഉപയോക്താക്കളെ കൂടി അറിയിക്കുന്ന തരത്തിലേക്ക് മാറ്റും. എടുത്തുമാറ്റേണ്ട ഉള്ളടക്കം തിരിച്ചറിയുന്നതിനായി രൂപപ്പെടുത്തിയിട്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മൂന്നു മാസം കൂടുമ്പോള്‍ കമ്പനി പുറത്തുവിടും, എന്നിവയാണ് പുതിയ തീരുമാനങ്ങള്‍.