ഓരോ പോസ്റ്റിന് കീഴിലും ഇമോജികൾ കൈമാറുന്ന് സോഷ്യൽ മീഡിയയിൽ ഒരു​ ശീലമായി മാറിയിരിക്കുകയാണ്. അടിസ്ഥാന സ്മൈലികൾക്ക് പുറമേ മൃഗങ്ങളും പക്ഷികളും അടക്കം ഇമോജികൾ ഏറെയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗിന്റെ ഒരു പോസ്റ്റ് ഇന്ത്യക്കാരുടെ കടുത്ത രോഷത്തിനിടയാക്കിയിരിക്കുകയാണ്.

ഇമോജികൾ സമൂഹ മാധ്യമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനമായി മാറിയതോടെയാണ് ലോകത്താകമാനം ജൂലൈ 17, ഇമോജി ദിനമായി ആചരിക്കപ്പെട്ടതും. അന്നേ ദിവസം ലോകത്തെ ഏറ്റവും പ്രചാരമേറിയ ഇമോജികളും ഇവ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളും ഏതൊക്കെയെന്ന് ഫെയ്സ്ബുക് സഹസ്ഥാപകനായ മാർക് സുക്കർബർഗ് തന്റെ ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചിരുന്നു.

ഒരു ഗ്രാഫിക് ചിത്രത്തിൽ ഇക്കാര്യം ഫെയ്സ്ബുക് സ്ഥാപകൻ വരച്ചുകാട്ടുകയും ചെയ്തു. പക്ഷെ ഇതിത്രയും വലിയ പുലിവാൽ ആകുമെന്ന് അദ്ദേഹം കരുതിക്കാണില്ല. ലോകത്ത് ഫെയ്സ്ബുക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ത്യയടക്കമുള്ള ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നിന് പോലും സുക്കർബർഗിന്റെ പോസ്റ്റിൽ ഇടം ലഭിച്ചില്ല.

ഇതോട് കൂടി നിരാശയോടും രോഷത്തോടും കൂടി സുക്കർബർഗിനെ വിമർശിച്ച് ഒന്നിന് പുറകെ ഒന്നായി ഇന്ത്യക്കാർ പോസ്റ്റിന് കീഴിലെത്തി. “കഴിഞ്ഞ ആഴ്ച ലോകത്ത് ഏറ്റവും കൂടുതൽ പേർ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നത് ഇന്ത്യയിലാണെന്ന് താങ്കൾ പറഞ്ഞു. പക്ഷെ ഇന്നത്തെ ഇമോജി മാപ്പിൽ ഇന്ത്യയില്ല. ഇന്ത്യക്കാർ മെസേജ് ചെയ്യുമ്പോൾ ഇമോജികൾ ഉപയോഗിക്കുന്നില്ലെന്നാണോ നിങ്ങൾ അർത്ഥമാക്കിയത്?”, രോഷത്തോടെ ഒരാൾ കുറിച്ചതാണിത്.

എവിടെയാണ് ഇന്ത്യയെന്ന് ചോദിച്ച മറ്റൊരു ഫെയ്സ്ബുക് ഉപയോക്താവും 1.3 കോടി വരുന്ന ഇന്ത്യൻ ഫെയ്സ്ബുക് ഉപയോക്താക്കളെ നിങ്ങൾക്ക് തള്ളിക്കളയാനാവില്ലെന്ന് കുറിച്ചു. “ഒരൽപ്പം ബഹുമാനം ഇന്ത്യക്കാരോട് കാണിക്കൂവെന്ന”, വാക്യത്തോടെയാണ് മാർക് സുക്കർബർഗിനുള്ള മറുപടി ഇദ്ദേഹം അവസാനിപ്പിച്ചത്.

മാർക് സുക്കർബർഗിന്റെ പോസ്റ്റ്

ഇതിന് ഇന്ത്യാക്കാർ നൽകിയ മറുപടിയും അതിന് ലഭിച്ച പിന്തുണയും നോക്കൂ

സ്നാപ്ചാറ്റിന്റെ ഗതി ഓർമ്മിപ്പിച്ചാണ് മറ്റൊരാൾ മറുപടി നൽകിയത്. ഇന്ത്യയെ അപമാനിച്ചാൽ ഏറ്റവും മോശം സ്ഥിതിയിൽ ഫെയ്സ്ബുക്കിന് പൂട്ടേണ്ടി വരും എന്നാണ് ഒരാളുടെ കുറിപ്പ്.

ഇമോജി ദിനത്തിൽ ഇന്ത്യയെ ഒഴിവാക്കി ഇട്ട പോസ്റ്റിന്റെ പേരിൽ മാത്രം സുക്കർബർഗിനെ വെറുക്കുന്നുവെന്ന് സപ്ന ശ്രീവാസ്തവയും കുറിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ