Kerala Piravi Dinam: കൊച്ചി: “വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സുഹൃത്തുക്കൾ കേരളപ്പിറവി സ്റ്റിക്കറുകൾ ഷെയർ ചെയ്ത് തന്നപ്പോൾ ഞാനൊന്ന് ഞെട്ടി. പിന്നെ ഞാനാണ് ഡിസൈൻ ചെയ്തതെന്ന് അവരോട് പറഞ്ഞു. ഒന്ന് പോടാപ്പാ എന്നായിരുന്നു മറുപടി. അവന്മാര് വിശ്വസിക്കണ്ടേ? കംപ്യൂട്ടറിൽ വർക്ക് ചെയ്തതിന്റെ ചിത്രങ്ങൾ എടുത്ത് ഗ്രൂപ്പിൽ ഇട്ടാണ് അവരെ വിശ്വസിപ്പിച്ചത്,” ഇത് പറയുമ്പോൾ സനൂപിന്റെ മുഖത്ത് നൂറ് ബൾബുകൾ ഒരുമിച്ച് തെളിഞ്ഞ സന്തോഷമുണ്ടായിരുന്നു.
മണിക്കൂറുകൾ കൊണ്ട് കേരളത്തിൽ വൻ ഹിറ്റായ കേരളപ്പിറവി സ്റ്റിക്കറുകൾ രൂപകൽപ്പന ചെയ്തത് കൊച്ചിക്കാരായ രണ്ട് യുവാക്കളാണ്. ഇടപ്പളളിക്കാരൻ ജോസ് വർഗ്ഗീസും പളളുരുത്തിക്കാരൻ ഇ.എസ്.സനൂപും. ‘സീറോ ബൾബ്’ എന്നാണ് ഇവരുടെ സ്റ്റാർട്ട് അപ്പിന്റെ പേര്. വാട്‌സ്ആപ്പിൽ സ്റ്റിക്കേർസ് ഉൾപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് സീറോ ബൾബ് ആപ് ഡെവലപ് ചെയ്യാൻ ഇരുവരും തീരുമാനിച്ചത്.

“അവനാണ് പടം വരയ്ക്കുന്നതും ഡിസൈൻ ചെയ്യുന്നതുമൊക്കെ. ആപ് ഡെവലപ് ചെയ്യുന്നത് ഞാനാണ്,” ജോസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. “ഒരാഴ്ച മുൻപ് സ്റ്റിക്കറുകൾ പുറത്തിറക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് വൈകി. എന്നാൽ പിന്നെ കേരളപ്പിറവിയോട് അടുപ്പിച്ച് പുറത്തിറക്കാമെന്ന് കരുതി. അങ്ങിനെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ആപ് ലോഞ്ച് ചെയ്തത്,” ജോസ് വിശദീകരിച്ചു.
കേരളപ്പിറവി ആശംസകൾ അറിയിക്കാൻ സ്റ്റിക്കറുകൾക്കായി തിരഞ്ഞ് പോയവർ ഭൂരിഭാഗവും എത്തിയത് മലയാളം വാട്‌സ്ആപ്പ് സ്റ്റിക്കറുകൾ എന്ന പേരിൽ ‘സീറോ ബൾബ്’ പുറത്തിറക്കിയ ആപ്പിലേക്കാണ്. കണ്ടവർ കണ്ടവർ ആപ് ഡൗൺലോഡ് ചെയ്തു. 24 മണിക്കൂർ പോലും പൂർത്തിയാകും മുൻപ് തന്നെ ഡൗൺലോഡ് അയ്യായിരവും കടന്ന് മുന്നേറുകയാണ്. അറുപതോളം പേർ ആപ്പിന് റിവ്യൂവും നൽകിയിട്ടുണ്ട്.
“ആപ്പ് ഇത്ര പെട്ടെന്ന് ഹിറ്റാവുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. ഫ്രണ്ട്സിനോട് പറഞ്ഞ് ആപ്പ് പ്രചരിപ്പിക്കേണ്ടി വരുമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോഴിത് മികച്ച കയറ്റമാണ് കാണുന്നത്. അത് വളരെ പ്രതീക്ഷ നൽകുന്നുണ്ട്.” ജോസ് പറഞ്ഞു.

കേരളപ്പിറവി സീരീസിൽ ഏഴും മോഹൻലാൽ സീരീസിൽ ആറും സ്റ്റിക്കറുകളാണ് ഇപ്പോൾ ആപ്പിലുളളത്. എന്നാൽ അതിവേഗം ബഹുദൂരം എന്നായി ഇപ്പോൾ ‘സീറോ ബൾബി’ന്റെ മുദ്രാവാക്യം. വരുന്ന മണിക്കൂറുകളിൽ 30 സ്റ്റിക്കറുകളെങ്കിലും ആപ്പിൽ ഉൾപ്പെടുത്താനുളള കഠിന പരിശ്രമത്തിലാണ് ഈ രണ്ടംഗ സംഘം.
മുൻപ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാഗമായിരുന്നു ഇരുവരും. അഞ്ച് വർഷത്തോളം നീണ്ടതാണ് സൗഹൃദം. കംപ്യൂട്ടർ സയൻസിൽ ബിരുദധാരിയാണ് ജോസ്. തൃപ്പൂണിത്തുറ ആർഎൽവി ആർട്‌സ് കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയ സനൂപ് ഇതിനോടകം നിരവധി ചിത്രങ്ങളുടെ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
മോഹൻലാൽ നായകനായ ‘പെരുച്ചാഴി’, ജയസൂര്യയുടെ ‘ആട് 1,’ പൃഥ്വിരാജ് നായകനായെത്തിയ ‘സെവൻത് ഡേ’ തുടങ്ങിയ സിനിമകളുടെയെല്ലാം പോസ്റ്ററുകൾ വരച്ചത് സനൂപാണ്. സിനിമ അണിയറക്കാലത്തെ സൗഹൃദത്തിൽ നിന്നാണ് ‘സീറോ ബൾബ്’എന്ന ആശയം ഉണ്ടായത്. “മറ്റ് വർക്കുകളുടെ തിരക്ക് മൂലമാണ് ആപ്പിന്റെ ജോലി വൈകിപ്പോയത്. പക്ഷെ ഇനി ഇതിനാണ് മുൻഗണനയെന്ന്” സനൂപ് പറഞ്ഞു.
സ്റ്റാർട്ട് അപ്പിന്റെ യഥാർത്ഥ ആശയം ഉൾക്കൊണ്ടാണ് സീറോ ബൾബിന്റെ പ്രവർത്തനം. ഒരു ഓഫീസ് പോലും ഇവർക്കില്ല. വീട്ടിലിരുന്ന് തന്നെയാണ് രണ്ടുപേരുടെയും ജോലി. വർഷത്തിൽ വല്ലപ്പോഴും മാത്രമാണ് തമ്മിൽ കാണുന്നതെന്ന് ജോസ് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകാൻ ഒരുമിച്ചുളള ഫോട്ടോ പോലും ഇരുവരുടെയും പക്കൽ ഇല്ലായിരുന്നു. സീറോ ബൾബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് പോലും ഫോണിലൂടെയാണ്.
Read Here: Kerala Piravi 2019 Messages, Greetings: കേരള പിറവി ആശംസകൾ കൈമാറാം