ലോക്സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ പ്രചാരണത്തിന്റെ സാധ്യതകൾ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയ തിരഞ്ഞെടുപ്പ് കാലഘട്ടമാണ് ഇത്തവണത്തേത്. അതിനായി വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകൾ സജീവമായിരുന്നു. എന്നാൽ വ്യാജ വാർത്തകളും ഇത്തരത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിന് പരിഹാര മാർഗവുമായി പ്രോട്ടോ എന്ന മീഡിയ സ്കില്ലിങ് സ്റ്റാർട്ട്അപ്പ് രംഗത്തെത്തിയിരിക്കുന്നത്.
വ്യാജമാണോയെന്ന സംശയം തോന്നുന്ന മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ വെരിഫൈ ചെയ്യുന്നതിനുള്ള സൗകര്യമാണ് കമ്പനി ഒരുക്കുന്നത്. 9643000888 എന്ന നമ്പറിലേക്ക് ചിത്രങ്ങൾ, വീഡിയോ, ടെക്സ്റ്റ് എന്നിവ അയച്ചു കൊടുത്താൽ വ്യാജമാണോയെന്ന് പരിശോധിക്കാൻ സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, മലയാളം തുടങ്ങിയ ഭാഷകളിൽ പുതിയ സേവനം ലഭ്യമാകും.
വാട്സ്ആപ്പ് ഉപഭോക്താക്കൾ ഈ നമ്പരിലേക്ക് അയക്കുന്ന ഫോട്ടോകൾ, വീഡിയോകൾ, ടെക്സ്റ്റ് മെസേജുകൾ എന്നിവയുടെ ആധികാരികത പരിശോധിക്കുകയാണ് പ്രോട്ടോയുടെ വേരിഫിക്കേഷൻ സെന്റർ ചെയ്യുന്നത്. ഇതിന് പുറമെ സംഭവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും.