ഏകദേശം മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും നിരത്തുകളിൽ ഊബർ, ഒല ടാക്സികൾ സജീവമാവുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വരും ദിവസങ്ങളിൽ തന്നെ സർവീസ് പുനരാരംഭിക്കുമെന്ന് കമ്പനികൾ അറിയിച്ചു. ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ മാർഗരേഖയിലാണ് ടാക്സികൾക്ക് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കികൊണ്ടായിരിക്കണം സർവീസ് എന്ന കർശന നിർദേശം കമ്പനികൾക്ക് ലഭിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടയുക എന്നത് തന്നെയാണ് പ്രധാനം. ഇതിനായി യാത്രക്കാർ താഴെപറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
- എപ്പോഴും മാസ്ക് ധരിക്കുക. നിങ്ങൾക്ക് രോഗലക്ഷണങ്ങളില്ലെങ്കിലും മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്.
- മുൻസീറ്റിൽ ഇരിക്കരുത്. സർക്കാർ നിർദേശ പ്രകാരം യാത്രക്കാർ ഒരിക്കലും മുൻസീറ്റിൽ ഇരിക്കരുത്.
- യാത്രക്കാരുടെ ലഗ്ഗേജ് അവരവർ തന്നെ കൈകാര്യം ചെയ്യുക. ഡ്രൈവറുമായുള്ള അനാവശ്യ സമ്പർക്കം ഒഴിവാക്കാനാണിത്.
- വാഹനത്തിൽ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കുക. സാധ്യമാകുമെങ്കിൽ വാഹനത്തിന്റെ ഡോറും സാനിറ്റൈസ് ചെയ്യുക.
യാത്രക്കാരെ പോലെ തന്നെ ഡ്രൈവർമാരും കർശനമായി പാലിക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
- ഓരോ റൈഡിന് ശേഷവും വാഹനം പൂർണമായും അണുവിമുക്തമാക്കണം.
- ഫ്രഷ് എയർ മോഡിൽ മാത്രമേ വാഹനത്തിലെ എയർ കണ്ടീഷനർ ഉപയോഗിക്കാവുള്ളു.