കോവിഡ്-19 മഹാമാരിക്കാലത്ത് മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി. മാസ്‌ക് പോലെ പ്രവര്‍ത്തിക്കുന്നതും മുഖത്ത് ധരിക്കാവുന്നതുമായ എയര്‍ പ്യൂരിഫയര്‍ അവതരിപ്പിച്ചിരിക്കുകയാണ് എല്‍ജി. പേര് പ്യൂരികെയര്‍ വിയറബിള്‍ എയര്‍ പ്യൂരിഫയര്‍.
ഇതാദ്യമായിട്ടാണ് എല്‍ജി ഇത്തരമൊരു ഉല്‍പന്നം അവതരിപ്പിക്കുന്നത്. നിലവില്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള എയര്‍ പ്യൂരിഫയറുകളെ പഠന വിധേയമാക്കിയാണ് മാസ്‌ക് എല്‍ജി നിര്‍മ്മിച്ചത്.
ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ?
വീടുകളില്‍ ഉപയോഗിക്കുന്ന എല്‍ജിയുടെ എയര്‍ പ്യൂരിഫയര്‍ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഫില്‍ട്ടറുകള്‍ക്ക് സമാനമായ മാറ്റിവയ്ക്കാവുന്ന ഒരു ജോഡി ഫില്‍ട്ടറുകളാണ് പ്യൂരികെയറിലും ഉപയോഗിച്ചിരിക്കുന്നത്.
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഫാനുകള്‍ ഇതിലുണ്ട്. ഇതാണ് മാസ്‌ക് ധരിക്കുന്ന ആളെ ശ്വസിക്കാന്‍ സഹായിക്കുന്നത്. ഒരാള്‍ ശ്വാസം എടുക്കുന്നതും പുറത്ത് വിടുന്നതും മനസ്സിലാക്കാന്‍ കഴിയുന്ന സെന്‍സറുകള്‍ ഫാനിന്റെ വേഗതയെ നിയന്ത്രിക്കുന്നു. ഈ സെന്‍സറുകള്‍ക്ക് കമ്പനി പേറ്റന്റ് നേടിയിട്ടുണ്ട്. അതിനാല്‍, പ്യൂരികെയര്‍ ധരിച്ചിരിക്കുമ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുകയില്ല.
ശുദ്ധവും ശുചീകരിച്ചതുമായ വായു ശ്വസിക്കാന്‍ മാസ്‌കിലെ ഇരട്ട ഫാനുകള്‍ സഹഹായിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഉപയോഗിക്കുന്ന ആളിന്റെ മുഖവുമായി ചേര്‍ന്ന് ഇരിക്കുന്നതിനാല്‍ മൂക്കിനും കവിളിനും ഇടയിലൂടെ വായു നഷ്ടപ്പെടുകയില്ലെന്ന് കമ്പനി പറയുന്നു. മണിക്കൂറുകളോളം ഈ മാസ്‌ക് ധരിക്കാന്‍ കഴിയും വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
വായുവിലെ രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുള്ള യുവി-എല്‍ഇഡി ലൈറ്റുകളും മാസ്‌കിലുണ്ട്. ഫില്‍ട്ടറുകള്‍ മാറ്റിവയ്‌ക്കേണ്ട സമയം ആകുമ്പോള്‍ എല്‍ജി തിന്‍ക്യു എന്ന മൊബൈല്‍ ആപ്പ് മാസ്‌ക് ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്പുകള്‍ ലഭ്യമാണ്. മാസ്‌കിലെ ഓരോ ഭാഗവും മാറ്റിവയ്ക്കാവുന്നതും റീസൈക്കിള്‍ ചെയ്യാവുന്നതുമാണ്.
820എംഎഎച്ച് ബാറ്ററിയാണ് പ്യൂരികെയര്‍ വിയറബില്‍ എയര്‍ പ്യൂരിഫയറിലുള്ളത്. ലോ പവര്‍ മോഡില്‍ എട്ടു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. ഹൈ പവര്‍ മോഡില്‍ രണ്ട് മണിക്കൂറുകള്‍ വരെയും പ്രവര്‍ത്തും.
ജൂലൈയിലാണ് ഈ ഉല്‍പന്നം എല്‍ജി പ്രഖ്യാപിച്ചത്. സിയോളിലെ ഒരു ആശുപത്രിക്ക് 2000-ത്തോളം മാസ്‌കുകള്‍ എല്‍ജി സംഭാവന നല്‍കി.
വിപണിയില്‍ എന്ന് ലഭ്യമാകും?
ഈ എയര്‍ പ്യൂരിഫയര്‍ മാസ്‌ക് വിപണിയില്‍ എന്ന് ലഭ്യമാകുമെന്ന് എല്‍ജി വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുത്ത വിപണികളില്‍ നാലാം പാദത്തില്‍ ലഭ്യമാകുമെന്നാണ് കമ്പനി സൂചിപ്പിച്ചു.