കംപ്യൂട്ടർ വിപണന രംഗത്തെ ഭീമന്മാരായ ലെനോവോ ഏറ്റവും പുതിയ നോട്ട്ബുക്ക് യോഗ സ്ലിം 7i ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഡിസൈനും പ്രത്യേക ഫീച്ചറുകളുമായി എത്തുന്ന യോഗ സ്ലിം 7i ലെനോവോയുടെ ഹൈ – എൻഡ് നോട്ട്ബുക്കുകളിൽ ഒന്നാണ്. കൂടുതൽ മികച്ച ഫീച്ചറുകളും ഡിസൈനും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കായി ഇറക്കിയിരിക്കുന്ന നോട്ട്ബുക്കിന്റെ വില 1,19,990 ആണ്. മാർച്ച് 25 മുതൽ വിപണിയിൽ ലഭ്യമാകും.
മഗ്നീഷ്യം അലോയ്, കാർബൺ ഫൈബർ മെറ്റീരിയലുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന യോഗ സ്ലിം 7i ലെനോവോയുടെ ഇതേ വിലയിൽ വരുന്ന ഏറ്റവും ഭാരം കുറഞ്ഞ നോട്ട്ബുക്കാണ്. 966 ഗ്രാമാണ് ഭാരം. നോട്ട്ബുക്കിന്റെ ഭാരം ഒരു കിലോയിൽ താഴെ നിർത്തുന്നതിനായി എയ്റോ ഗ്രിഡ് കാർബൺ ഫൈബർ ആണ് ഉപയോഗിച്ചിരിക്കുന്നത്.
“ഇതിൽ ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലാണ് ഇതിന്റെ പ്രധാന ഘടകം, അതുകൊണ്ട് ഒരു സാധാരണ ലാപ്ടോപ്പിന്റെ 40 ശതമാനത്തോളം ഭാരം കുറവാണ് ഈ നോട്ട്ബുക്കിന്. ഒപ്പം 25 ശതമാനത്തോളം ഉറപ്പും ശേഷിയും വർധിപ്പിക്കുന്നുണ്ട്.” ലെനോവോ ഇന്ത്യയുടെ ചീഫ് മാർക്കറ്റിങ് ഓഫീസർ അമിത് ദോഷി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
13.3 ഇഞ്ചുള്ള യോഗ സ്ലിം 7i കാർബൺ, ഇന്റൽ കോർ i7 ടൈഗർ ലേയ്ക് 7th ജനറേഷൻ പ്രൊസസറും ഇന്റൽ ഐറിസ് എക്സ്ഇ ഗ്രാഫിക്സ് കാർഡുമായാണ് എത്തുന്നത്. മൂന്ന് യുഎസ്ബി സി പോർട്ടുകളും ഒരു ഹെഡ്ഫോൺ ജാക്കും ഇതിൽ നൽകിയിരിക്കുന്നു. വീഡിയോ കാണുന്നതിന് 15 മണിക്കൂർ ബാറ്ററി ലൈഫും ഡോൾബിയുടെ മികച്ച ശബ്ദവും യോഗ സ്ലിം 7i ക്ക് നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം മൂലമുള്ള വർക്ക് അറ്റ് ഹോം ലാപ്ടോപ്പുകളുടെ ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. സാധാരണ വിലകളിൽ ലഭ്യമാകുന്ന ലാപ്ടോപ്പുകൾക്കും നോട്ട്ബുക്കുകൾക്കും പുറമെ വില കൂടിയ മികച്ച ഫീച്ചറുകളുള്ള ലാപ്ടോപ്പുകൾക്കും ഇന്ന് ആവശ്യക്കാർ കൂടുതലാണ്.
“ഉപയോഗിക്കുന്ന നോട്ട്ബുക്കിന്റെ സ്പെസിഫിക്കേഷനുകൾക്ക് അപ്പുറം ഒരു ഹൈ എൻഡ് നോട്ട്ബുക്ക് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അനുഭവത്തിന് പ്രാധാന്യം നൽകാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം, ഞാൻ ഉൾപ്പടെയുള്ള ആളുകളും ഈ മേഖലയിലുള്ള മറ്റ് കമ്പനികളും ഇന്നും പ്രാധാന്യം നൽകുന്നത് സ്പെസിഫിക്കേഷനുകൾക്കാണ്,” അമിത് ദോഷി പറഞ്ഞൂ.
ലെനോവോ ഇപ്പോൾ വ്യത്യസ്തമായ മെറ്റീരിയലുകൾ കൊണ്ട് ലാപ്ടോപ്പുകളുടെ ഡിസൈനുകൾ മികച്ചതാക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും യോഗ 9i ൽ ലെതർ ലീഡ് കൊണ്ടുള്ള ക്ലാസ്സിൽ ബ്ലാക്ക് ഫിനിഷാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ടെക്നോളജി റിസർച്ച് സ്ഥാപനമായ ഐഡിസി പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം 2020 ന്റെ അവസാനത്തോടെ ഇന്ത്യൻ മാർക്കറ്റിലെ 18 ശതമാനത്തോളം കംപ്യൂട്ടറുകളും വിപണിയിലെത്തിക്കുന്നത് ലെനോവോ ആണ്. ലോകത്ത് കൂടുതൽ കംപ്യൂട്ടറുകൾ വിപണിയിലെത്തിക്കുന്നതും ലെനോവോ തന്നെയാണ്.
Read Also: OnePlus 9 review: മികച്ച സ്മാര്ട്ട്ഫോണ്, കിടിലം ക്യാമറ