തിരുവനന്തപുരം : വൈദ്യുതി ബില്ലടക്കാന്‍ ഇനി ക്യൂ നില്‍ക്കേണ്ട. വൈകിപോയെന്ന ഭയം വേണ്ട. നിങ്ങളുടെ ദൈനംദിന തിരക്കുകള്‍ക്കിടയില്‍, ബസ് യാത്രകള്‍ക്കിടയില്‍, കാത്തിരിപ്പുകള്‍ക്കിടയില്‍ ഒക്കെയായി ഇനി വൈദ്യുതി ബില്‍ അടക്കം. കെഎസ്എബി സേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍. ആന്‍ഡ്രോയിഡ് ആപ്പ് റിലീസ് ചെയ്തുകൊണ്ട് തങ്ങളും പരിവര്‍ത്തന ദശയില്‍ എന്ന്‍ പ്രഖ്യാപിക്കുകയാണ് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ്.

ഇന്നലെയാണ് കേരള വൈദ്യുതി ബോര്‍ഡ് കെഎസ്ഇബി എന്ന പേരുള്ള ആപ്പ് പ്ലേസ്റ്റോര്‍ വഴി റിലീസ് ചെയ്തത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് എങ്കില്‍ കണ്‍സ്യൂമര്‍ നമ്പര്‍, ഇമെയില്‍ ഐഡി, മോബൈല്‍ നമ്പര്‍ എന്നിവ അതാത് കോളങ്ങളില്‍ പൂരിപ്പിച്ച ശേഷം സബ്മിറ്റ് കൊടുത്താല്‍ നിങ്ങളുടെ ഇ-ബില്‍ കാണിക്കുന്നതായിരിക്കും. ബില്ലിലെ തുക നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ വഴി അടയ്ക്കുവാനുള്ള സൗകര്യവും ഇതിനോടൊപ്പം തന്നെയുണ്ട്.

കെഎസ്ഇബി ആപ്പിന്‍റെ സ്ക്രീന്‍ഷോട്ട്

ഓരോ ഉപഭോക്താവിനും സ്വന്തം പ്രൊഫൈല്‍ ഉണ്ടാക്കുവാനും അതില്‍ ലോഗ് ഇന്‍ ചെയ്‌താല്‍ കഴിഞ്ഞ പന്ത്രണ്ട് മാസത്തെ വൈദ്യുതി ഉപയോഗവും ബില്ലുകളുടെ വിവരങ്ങളും ലഭിക്കും. ഇതിനുപുറമേ ബില്‍ അടയ്ക്കുന്നത് മറന്നുപോവുന്നവര്‍ക്കായി അത് ഓര്‍മിപ്പിക്കുവാനുള്ള നോട്ടിഫിക്കേഷന്‍ സൗകര്യവും ആപ്പ് നല്‍കുന്നു. ഒരു അക്കൗണ്ടില്‍ അഞ്ചോളം കണ്‍സ്യൂമര്‍ നമ്പറുകള്‍ റെജിസ്റ്റര്‍ ചെയ്യാം.

ആപ്പില്‍ അക്കൗണ്ട് തുറക്കാനായി ഇമെയില്‍ ഐഡി മാത്രം മതിയാകും. വെറും ഒരു മിനുട്ട് സമയത്തില്‍ ആപ്പ് രജിസ്റ്റര്‍ ചെയ്യാനാകും.

കെഎസ്ഇബി ബില്ലും മറ്റ് സേവനങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് വേറെയും ആപ്പുകള്‍ ഇതേ പേരില്‍ തന്നെ പ്ലേസ്റ്റോറില്‍ ഉണ്ട്. അതിനാല്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് കെഎസ്ഇബി ലിമിറ്റഡില്‍ നിന്നുമുള്ള ആപ്പ് തന്നെയല്ലേ ഡൗണ്‍ലോഡ് ചെയ്യുന്നത് എന്ന് ഉറപ്പുവരുത്തുക. സുരക്ഷിതമായ ബാങ്കിങ് ഉറപ്പുവരുത്തുക എന്നത് ഉപഭോക്താവിന്‍റെ മാത്രം ഉത്തരവാദിത്തമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ