കൊച്ചി: ട്രാഫിക് ബ്ലോക്കുകളിൽ അകപ്പെടുന്ന ആംബുലൻസുകളെ ഇതിൽ നിന്ന് രക്ഷിക്കാൻ സാങ്കേതിക പരിഹാരവുമായി മലയാളി യുവാക്കൾ. ട്രഫിറ്റൈസർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകരായ മുഹമ്മദ് ജാസിം, മുഹമ്മദ് സാദിഖ് എന്നിവരാണ് പുതിയ ആശയം വികസിപ്പിച്ചിരിക്കുന്നത്.
രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജീസിലെ സെന്റർ ഫോർ സോഷ്യൽ ആന്റ് ഇൻകുബേഷൻ വഴിയാണ് ഇരുവരും ഈ ആശയം വികസിപ്പിച്ചത്. പുതിയ സംവിധാനം കേരളത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിക്കാനുള്ള ആലോചന ഉന്നത തലത്തിൽ ആരംഭിച്ച് കഴിഞ്ഞു.
ഇവർ വികസിപ്പിച്ചെടുത്ത ട്രഫിറ്റൈസർ-എമർജൻസി റെസ്പോൺസ് സിസ്റ്റം ആംബുലൻസുകൾക്ക് എളുപ്പത്തിൽ ബ്ലോക്കുകളെ മറികടക്കാനുള്ള സൗകര്യമൊരുക്കുമെന്നാണ് കണ്ടെത്തൽ. ഈ സിസ്റ്റത്തിന് ഒരു ഹാർഡ്‌വെയർ ഭാഗവും സോഫ്റ്റുവെയർ ഭാഗവും ഉണ്ട്.
യാത്ര തുടങ്ങും മുൻപ് ആംബുലൻസ് ഡ്രൈവർ ഈ ഉപകരണം ഓൺ ചെയ്യണം. അതോടെ ആംബുലൻസിന് യാത്ര പോകേണ്ട വഴിയാകെ ഇതിന്റെ മുന്നറിയിപ്പ് ഉണ്ടാകും. ജംഗ്ഷനുകളിലെ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ ആംബുലൻസിന് അനുകൂലമായി പ്രതികരിക്കും. ആംബുലൻസുകൾ എത്താറാകുന്നതോടെ ട്രാഫിക് ജംഗ്ഷനുകളിൽ ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിന് പോകാനുള്ള വഴിയൊരുക്കി കൊടുക്കും” രാജഗിരി സ്കൂൾ എഞ്ചിനീയറിംഗ് ആർ് ടെക്നോളജി പ്രിൻസിപ്പൾ പിടിഐയോട് പറഞ്ഞു.
രോഗിയുടെ ആരോഗ്യനില എത്രത്തോളം ഗുരുതരമാണെന്ന് രേഖപ്പെടുത്താമെന്നതിന് പുറമേ, ഒരേ സമയം ഒന്നിലധികം ആംബുലൻസുകളെ നിയന്ത്രിക്കുന്നതിനുള്ള സൗകര്യവും ഇതിലുണ്ട്.
ആബുലൻസുകൾക്കുള്ള ഗ്രീൻ ചാനൽ സോണുകളുടെ സമയപരിധി ഗതാഗതം കൂടുതലും കുറവുമുള്ള സമയത്ത് പ്രത്യേകം ക്രമീകരിക്കാൻ സാധിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി.ദിനേശ്, ഡിസിപി യതീഷ് ചന്ദ്ര എന്നിവർ ഈ ഉപകരണത്തിന്റെ പ്രവർത്തനം വിലയിരുത്തിയതായി രാജഗിരി കോളേജ് അധികൃതർ വ്യക്തമാക്കി.
ഏപ്രിൽ 17 മുതൽ കാക്കനാട് ട്രാഫിക് ജംഗ്ഷനിൽ ഏർപ്പെടുത്തിയ ഈ സംവിധാനം മറ്റ് ട്രാഫിക് ജംഗ്ഷനുകളിലും വേഗത്തിൽ നടപ്പാക്കുമെന്നാണ് വിവരം. കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്കാണ് ഈ ഉപകരണം നൽകിയിരിക്കുന്നത്. ഇതുവരെ 20 ഓളം രോഗികളെ കൊണ്ടുപോകുന്നതിൽ ഈ സംവിധാനം സഹായകരമായതായാണ് ഡ്രൈവർമാർ അറിയിച്ചിരിക്കുന്നത്. തൃക്കാക്കര മുനിസിപ്പൽ കോപ്പറേറ്റീവ് ആശുപത്രിയാണ് ഈ സൗകര്യം ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മുഹമ്മദ് ജാസിം പറഞ്ഞു.
“ഞങ്ങളുടെ അടുത്ത ലക്ഷ്യം കൊച്ചി നഗരത്തിലെ എല്ലാ ട്രാഫിക് ജംഗ്ഷനുകളിലും ഈ സൗകര്യം ഏർപ്പെടുത്താനാണ്” എന്ന് സ്റ്റാർട്ടപ്പിന്റെ സഹ സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് സാദിഖ് വ്യക്തമാക്കി.
“ഈ സംവിധാനം വളരെ കുറഞ്ഞ നിരക്കിൽ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് എല്ലാ ട്രാഫിക് ജംഗ്ഷനുകളിലും ഏർപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്” എന്ന് കൊച്ചി സിറ്റി ഡിസിപി ജി.എച്ച്.യതീഷ് ചന്ദ്ര വ്യക്തമാക്കി.
2015 ലെ ടൈകോൺ കേരള സമ്മിറ്റിൽ മികച്ച ആശയത്തിനുള്ള രണ്ടാം സമ്മാനം ട്രഫിറ്റൈസറിനായിരുന്നു. 40000 രൂപയായിരുന്നു സമ്മാനത്തുക. ടൈകേരള ഇവർക്ക് 1.4 ലക്ഷം രൂപ സീഡ് ഫണ്ടായും അനുവദിച്ചു. കേരള സ്റ്റാർട്ട് അപ് മിഷനും ട്രഫിറ്റൈസറിന് 2 ലക്ഷം രൂപ മൂലധനമായി കൈമാറിയിട്ടുണ്ട്. വ്യവസായ വകുപ്പ് ഇതു വരെ അംഗീകരിച്ച 1117 സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ട്രഫിറ്റൈസർ.