ഇന്ത്യയിലും ലോകമെമ്പാടും കോവിഡ്-19 ഭീതി പടരുകയും രോഗം ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരേയും ഐസോലേഷനിലാക്കുമ്പോള്‍ കേരളത്തില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത. കേരളത്തില്‍ നിന്നുള്ളൊരു സ്റ്റാര്‍ട്ട് അപ്പ് ആശുപത്രികളില്‍ വിന്യസിക്കാനൊരു റോബോട്ടിനെ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇത് ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കും.

ഈ റോബോട്ട് ആഹാരം, മെഡിക്കല്‍, ക്ലിനിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വഹിച്ചു കൊണ്ട് മൂന്ന് ചക്രങ്ങളുള്ള ഈ റോബോട്ട് ആശുപത്രിയില്‍ സഞ്ചരിക്കും. അസിമോവ് റോബോട്ടിക്‌സാണ് 15 ദിവസം കൊണ്ട് ഈ റോബോട്ടിനെ വികസിപ്പിച്ചത്. ഏഴ് പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍.

മനുഷ്യനെ പോലുള്ള റോബോട്ടുകളെ ആശുപത്രിയില്‍ വിന്യസിക്കുക പ്രായോഗികമല്ലെന്ന് അസിമോവ് റോബോട്ടിക്‌സിന്റെ സിഇഒയായ ജയകൃഷ്ണന്‍ ടി ഇന്ത്യന്‍ എക്‌സ്‌പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു. അതിനാലാണ് ഈ സാഹചര്യത്തില്‍ വളരെ പ്രയോഗികമായതും ചെലവ് കുറഞ്ഞതുമായ മാതൃക വികസിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഐസോലേഷന്‍ വാര്‍ഡുകളില്‍ ഉപയോഗിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ റോബോട്ടിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്”, ജയകൃഷ്ണന്‍ പറഞ്ഞു.

Read Also: പ്രതിരോധിക്കാം, ഒറ്റക്കെട്ടായി; കത്തോലിക്കാസഭയുടെ ആശുപത്രികൾ വിട്ടുനൽകാമെന്ന് കെസിബിസി

കര്‍മ്മി-ബോട്ട് എന്നാണ് ഈ റോബോട്ടിന് പേരിട്ടിരിക്കുന്നത്. ഇതില്‍ രണ്ട് ട്രേകളുണ്ട്. അവയില്‍ ആഹാരവും മറ്റും വയ്ക്കാം. ക്വാറന്റൈന്‍ മേഖലയില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഈ റോബോട്ട് രോഗാണുമുക്തി വരുത്തുകയും ചെയ്യും. വീഡിയോ കോളിങ് വഴി രോഗികളുമായി ഡോക്ടര്‍മാര്‍ക്കും ബന്ധുക്കള്‍ക്കും സംവദിക്കാനും സാധിക്കും.

സ്വയം നിയന്ത്രിത നാവിഗേഷനുള്ള ഈ റോബോട്ടിനെ റിമോട്ട് ഉപയോഗിച്ചും നിയന്ത്രിക്കാമെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. ഈ റോബോട്ടിനെ നിയന്ത്രിക്കുന്നതിലൂടെ മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാമെന്നതാണ് നേട്ടം. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സന്ദര്‍ശകര്‍ക്കും സഹായകരമാകും.

ഈ റോബോട്ടിനെ ഇപ്പോള്‍ സ്റ്റാര്‍ട്ട് അപ്പ് പ്രായോഗിക പരീക്ഷണം നടത്തി വരികയാണ്. കൂടാതെ, ലാബില്‍ മിനുക്ക് പണികള്‍ നടത്തുകയും ചെയ്യുന്നു. തങ്ങളുടെ നിലവിലെ സൗകര്യം അനുസരിച്ച് ഒരു ദിവസം ഒരു റോബോട്ടിനെ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ റോബോട്ട് ഇതുവരേയും പുറത്തെത്തിയില്ലെങ്കിലും അതിനോടുള്ള താല്‍പര്യം വര്‍ദ്ധിച്ചു വരികയാണെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. അമേരിക്കയിലേയും മധ്യേഷ്യയിലേയും ആശുപത്രികളുമായി ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്ന് മനസ്സിലാക്കി കമ്പനി കൂടുതല്‍ എണ്ണത്തെ ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇപ്പോള്‍ കേരളത്തിലും ഇന്ത്യയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമ്പനിയുടെ തീരുമാനം.

Read Also: സ്വകാര്യ വാഹനത്തിൽ പുറത്തിറങ്ങണോ? ഈ ഫോം പൂരിപ്പിക്കണം

കര്‍മ്മി-ബോട്ടിന്റെ നിര്‍മ്മാണച്ചെലവ് എത്രയാണെന്ന് ജയകൃഷ്ണന്‍ വെളിപ്പെടുത്തിയില്ല. എങ്കിലും നിലവിലെ റോബോട്ടുകളേക്കാള്‍ ചെലവ് കുറവാണ് നിര്‍മ്മിക്കാനെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ചൈനീസ് അല്ലാത്ത ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് തങ്ങള്‍ക്ക് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് മത്സരം നേരിടാന്‍ കൂടുതല്‍ പ്രത്യേകതകള്‍ കൂട്ടിച്ചേര്‍ക്കുകയും വില കുറയ്ക്കുകയുമാണ് അന്തിമ ലക്ഷ്യമെന്ന് ജയകൃഷ്ണന്‍ പറഞ്ഞു.

ആരോഗ്യരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്ന ഹൈ-ടെക് കമ്പനികളിലൊന്നായ അസിമോവ് റോബോട്ടിക്‌സ് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ട് അപ്പാണ്.

തങ്ങളുടെ റോബോട്ടുകള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നും വേറിട്ട് നില്‍ക്കുന്ന ഒന്നല്ലെന്നും അദ്ദേഹം പറയുന്നു. ഒരു സെന്‍സര്‍ നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ടിരിക്കന്ന ഈ റോബോട്ടുകള്‍ എഐ, എംഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തീരുമാനം എടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറയുന്നു.

ചൈനയില്‍ അനവധി ആശുപത്രികള്‍ ഹൈ-ടെക്ക് റോബോട്ടുകള്‍ രോഗികള്‍ക്ക് ആഹാരം എത്തിക്കുകയും രോഗിയുടെ ശരീര താപനില അളക്കുകയും മരുന്ന് നല്‍കുകയും സ്വയം രോഗാണുമുക്തമാക്കുകയും ചെയ്യുന്ന റോബോട്ടുകളെ വിന്യസിച്ചിട്ടുണ്ട്. സമാനമായി, കൊറോണ വൈറസ് മഹാമാരിയെ നേരിടുന്നതിനായി സ്പാനിഷ് സര്‍ക്കാര്‍ റോബോട്ടുകളെ ഉപയോഗിച്ച് ഒരു ദിവസം 80,000 രോഗികളെ പരിശോധിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Read in English: From Kerala, a robot to take care of coronavirus patients

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook