തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വാട്സ്ആപ്പിൽ ഡിസ്‌പ്ലേ പിക്ച്ചറായി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുള്ള ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ ഇടയാക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അതിന്റെ ആധികാരികതയും വിശ്വസ്തതയും ഉറപ്പുവരുത്തണമെന്ന് കേരള പൊലീസ് അറിയിച്ചു. വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു. ഈ വിഷയത്തില്‍ കേരള പോലീസിന്റേതെന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച സന്ദേശം പൊലീസ് തള്ളിക്കളഞ്ഞു.

കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വാട്സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനിൽക്കുന്നുണ്ട്. ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വേളയില്‍ പരമാവധി പേര്‍ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുളളത് കൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും.
ആയതിനാല്‍ ഇത്തരം ഇമേജ് / വീഡിയോ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനും രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാബദ്ധരാണ്.

നാം നെഞ്ചിലേറ്റുന്ന ദേശസ്‌നേഹത്തിന്റെ തിളക്കം കുറയാൻ ഇത്തരം സംഭവങ്ങള്‍ കാരണമാകരുത്. വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നമുക്ക് ജാഗ്രത പാലിക്കാം. ഈ വിഷയത്തില്‍ കേരള പോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook