തിരുവനന്തപുരം: യാത്ര ചെയ്യുമ്പോഴുളള സുരക്ഷയ്ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനും പൊലീസ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനുമുള്ള കേരള പൊലീസിന്റെ മൂന്ന് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കി.

വെള്ളയമ്പലം കെല്‍ട്രോണില്‍ നടന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉദ്ഘാടനം നിര്‍വഹിച്ചു. ആപ്പ് അധിഷ്ഠിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പൊലീസിങ് സംവിധാനങ്ങളിലേക്ക് കേരളപോലീസ് കൂടുതല്‍ മാറുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായുള്ള കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് വെബിലും മൊബൈലിലും പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സിസ്റ്റം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും തുടര്‍ന്ന് വെബ്/മൊബൈല്‍ സംവിധാനം വഴി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

സിറ്റിസണ്‍ സേഫ്റ്റി എന്ന പേരില്‍ യാത്രാവേളയിലെ സുരക്ഷിതത്വത്തിനായുള്ള ആപ്ലിക്കേഷന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നേരത്തെ നിലവില്‍ വന്നിരുന്നു. അടിയന്തര സാഹചര്യങ്ങളിലും ഒറ്റപ്പെട്ട യാത്രാവേളകളിലും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ആപ്ലിക്കേഷനാണിത്. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും കൂടുതല്‍ പ്രയോജനപ്രദമാണ് ഇത്. യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഫോട്ടോ, രജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവ കണ്‍ട്രോള്‍ റൂമിലേക്കും അടുത്ത ബന്ധുക്കള്‍ക്കും അയയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്. യാത്രയുടെ റൂട്ടും ഇതുവഴി ട്രാക്ക് ചെയ്യാം. അടിയന്തരനമ്പരുകളിലേക്ക് സന്ദേശം അയയ്ക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സിറ്റിസണ്‍ സേഫ്റ്റിയുടെ മറ്റൊരു സവിശേഷത പാനിക് ബട്ടണ്‍ എന്ന സംവിധാനമാണ്. ആപത്ഘട്ടങ്ങളില്‍ നമ്പര്‍ ഡയല്‍ ചെയ്യാതെതന്നെ ഇതിലുള്ള എസ്.ഒ.എസ്. ബട്ടണ്‍ അമര്‍ത്തുന്നതുവഴി ഒരു അടിയന്തര സന്ദേശം പൊലീസിനും നമ്പര്‍ നൽകിയിട്ടുള്ള അടുത്ത ബന്ധുക്കള്‍ക്കും ലഭിക്കും. സഹായമഭ്യര്‍ത്ഥിച്ചയാളുടെ സമീപം വേഗത്തിലെത്താന്‍ ഇത് സഹായകമാവും. ഈ ആപ്ലിക്കേഷന്റെ ഹോംസ്‌ക്രീനിലെ ‘കാള്‍’ ബട്ടണില്‍ അമര്‍ത്തിപ്പിടിച്ചാല്‍ സൗജന്യ നമ്പരുകളിലേക്ക് വിളിക്കുന്നതിനും സംവിധാനമുണ്ട്.

വിവിധ പോലീസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ ചാറ്റ് ബോട്ട് പ്ലാറ്റഫോമില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ പൊലീസ് ഗൈഡ് ആപ്ലിക്കേഷനും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്.
പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് സിസ്റ്റവും വിര്‍ച്വല്‍ പോലീസ് ഗൈഡും ആൻഡ്രോയിഡ് പ്‌ളാറ്റ്‌ഫോമിലും, സിറ്റിസണ്‍ സേഫ്റ്റി ആണ്‍ഡ്രോയിഡ്/ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിലും ലഭിക്കും. കേരള പൊലീസിന്റെ ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ കെല്‍ട്രോണ്‍ ആണ് ഇവയുടെ രൂപകല്‍പനയും ഇന്റഗ്രേഷനും നിര്‍വഹിച്ചത്.

കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ ടി.ആര്‍.ഹേമലത, എ.ഡി.ജി.പി. ഇന്റലിജന്‍സ് ടി.കെ.വിനോദ്കുമാര്‍, തിരുവനന്തപുരം റേഞ്ച് ഐ.ജി. മനോജ് എബ്രഹാം, ഐ.ജി. ഇന്റലിജന്‍സ് ബല്‍റാംകുമാര്‍ ഉപാധ്യായ, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യുണിക്കേഷന്‍ ടെക്‌നോളജി എസ്.പി. ജെ.ജയനാഥ്, വനിതാ ബറ്റാലിയന്‍ കമാന്‍ഡന്‍ഡ് ആര്‍. നിശാന്തിനി, പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ്.രാജശേഖരന്‍, കെല്‍ട്രോണ്‍ ജനറല്‍ മാനജേര്‍ സന്തോഷ്.എസ്, ഡെപ്യൂട്ടി മാനേജര്‍ എസ്.പി.ഗോപകുമാര്‍, അസിസ്റ്റന്റ് മാനേജര്‍ ബിന്‍സന്‍.എന്‍.ടി എന്നിവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook