scorecardresearch

കുട്ടികളെ പണമിടപാട് പഠിപ്പിക്കാൻ ചെറുകഥകളുടെ ആപ്പുമായി ഗ്രാമീൺ ബാങ്ക്

കുട്ടികള്‍ക്കായി ബാങ്ക് അവതരിപ്പിച്ച ജുനിയര്‍ ഡെബിറ്റ് കാര്‍ഡ് പരിമിത തുകയാണ് പിന്‍വലിക്കല്‍ പരിധിയായി നിശ്ചയിച്ചിട്ടുള്ളത്.

കുട്ടികളെ പണമിടപാട് പഠിപ്പിക്കാൻ ചെറുകഥകളുടെ ആപ്പുമായി ഗ്രാമീൺ ബാങ്ക്

കുട്ടികളില്‍ സാമ്പത്തിക സാക്ഷരത ലക്ഷ്യമിട്ട് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ കേരള ഗ്രാമീണ്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. സാമ്പത്തിക വ്യവഹാരങ്ങളില്‍ എല്ലായ്‌പ്പോഴും പുറത്താക്കപ്പെടുന്ന വിഭാഗമായ കുട്ടികളിലേക്ക് സംസ്ഥാനത്തുടനീളം സ്‌കൂളുകള്‍ വഴിയാണ് ഗ്രാമീണ്‍ ബാങ്ക് പുതിയ പദ്ധതിയുമായി കടന്നു ചെല്ലുന്നത്. ബാങ്കിന്റെ കേരളത്തിലുടനീളമുള്ള 602 ബ്രാഞ്ചുകള്‍ തങ്ങളുടെ പ്രദേശങ്ങളിലേ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക.

FI@School (ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ അറ്റ് സ്‌കൂള്‍) എന്നു പേരിട്ടിരിക്കുന്ന പദ്ധതി വഴി സ്‌കൂളുകളിൽ സാമ്പത്തിക സാക്ഷരതാ ക്ലബുകള്‍ രൂപീകരിക്കും. സാമ്പത്തിക സാക്ഷരതാ ക്ലാസുകള്‍, വിവിധ മത്സരപരിപാടികള്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍ ക്യാംപുകള്‍, ജൂനിയര്‍ ഡെബിറ്റ് കാര്‍ഡ് വിതരണം എന്നിവയാണ് ഈ ക്ലബുകള്‍ മുഖേന നടപ്പാക്കുക. കുട്ടികള്‍ക്കായി ബാങ്ക് അവതരിപ്പിച്ച ജുനിയര്‍ ഡെബിറ്റ് കാര്‍ഡ് പരിമിത തുകയാണ് പിന്‍വലിക്കല്‍ പരിധിയായി നിശ്ചയിച്ചിട്ടുള്ളത്.

‘സാമ്പത്തിക സാക്ഷരത സ്‌കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശമുണ്ടെങ്കിലും നമ്മുടെ സ്‌കൂളുകളിലൊന്നും ഇതു നടപ്പാക്കിയിട്ടില്ല. ഫൈനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്റെ പുറത്തു നില്‍ക്കുന്ന സമൂഹത്തിലെ വലിയോരു വിഭാഗമായ കുട്ടികളെ സാമ്പത്തിക സാക്ഷരരാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം,’ ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ ഷാജി കെ.വി പറയുന്നു.

പദ്ധതിക്ക് നബാര്‍ഡിന്റെ സഹായവും ഉണ്ട്. കൂടാതെ ആഗോള തലത്തില്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ഡാം ആസ്ഥാനമായ ചൈല്‍ഡ് ആന്റ് യൂത്ത് ഫിനാന്‍സ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടയുടെ സഹകരണവും ഈ പദ്ധതിക്കുണ്ടെന്ന് ഷാജി പറഞ്ഞു. കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കെന്ന നിലയില്‍ ഒരു ലക്ഷത്തിലേറെ കുട്ടികളെ സാമ്പത്തിക സാക്ഷരരാക്കി മാറ്റാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ലിറ്റില്‍ കെജിബി എന്ന സൗജന്യ ആന്‍ഡ്രോയ്ഡ് ആപ്പും ഗ്രാമീണ്‍ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ലിറ്റില്‍ കിഡ്‌സ് ഗോ ബാങ്കിംഗ് എന്ന മുഴുവന്‍ പേരുള്ള ഈ അപ്ലിക്കേഷന്‍ ചെറുകഥകളിലൂടെയും പ്രശ്‌നോത്തരികളിലൂടെയുമാണ് പണമിടപാടുകളുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് കൈമാറുന്നത്. കൂടാതെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ബാലന്‍സ് അറിയല്‍ പോലുള്ള ചില്ലറ സേവനങ്ങളും ഈ ആപ്പ് വഴി നല്‍കുന്നുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Kerala grameen bank app for children

Best of Express