തിരുവനന്തപുരം: വികസന കാര്യങ്ങളിൽ ന്യൂജനറേഷൻ​ പദ്ധതികളുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളം തെരെഞ്ഞെടുക്കപ്പെട്ട 2000 പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഹോട്സ്പോട്ടുകള്‍ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോടതികള്‍, ജനസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത് വിട്ടത്.

പദ്ധതി നടപ്പിലാക്കുന്നതിനുള്ള സേവനദാതാക്കളെ കണ്ടെത്തുന്നതിനുള്ള ദര്‍ഘാസ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ദര്‍ഘാസ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഏഴ് മാസത്തിനകം പദ്ധതി നടപ്പിലാക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ പബ്ലിക്‍ ഹോട്‌സ്പോട്ടുകളിലൂടെ വിവിധ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് സേവനങ്ങളും മറ്റും ഇടതടവില്ലാതെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതാണ്. സംസ്ഥാന ഡേറ്റ സെന്ററിലുള്ള എല്ലാ വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലൂടെ പരിധിരഹിതമായി ഉപയോഗിക്കാവും

ഇതര ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുവാന്‍ ദിവസേന മുന്നൂറ് എംബി സൗജന്യ ഇന്റര്‍നെറ്റും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും.സംസ്ഥാനത്തെ മൂന്ന് മേഖലകളായി തരംതിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ മേഖലയിലും സമാന്തരമായി പണികള്‍ പുരോഗമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ