Kerala Floods 2018: സംസ്ഥാനമാകെ പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ കേരളത്തിന്‌ ആശ്വാസമായി ടെലികോം കമ്പനികളും. ദുരിതത്തിൽ പെട്ടവർക്ക് കൈത്താങ്ങാകുകയാണ് ബിഎസ്എൻഎൽ, ഐഡിയ, എയർടെൽ, വോഡഫോൺ, ജിയോ ഉൾപ്പടെയുള്ള ടെലികോം ദാതാക്കൾ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഉപയോക്താക്കൾക്ക് സൗജന്യ നിരക്കിൽ അടിയന്തര ടോക്ക് ടൈമും ഇന്റർനെറ്റ്‌ ഡാറ്റയും നൽകിയിരിക്കുകയാണ് കമ്പനികൾ.

പ്രളയബാധിതരെ സഹായിക്കുവാൻ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ വിവിധ ഓഫറുകളാണ് നൽകിയിരിക്കുന്നത്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് പ്രതിദിനം 20 മിനിറ്റ് ടോക് ടൈമാണ് കമ്പനി നൽകിയിരിക്കുന്നത്. അതോടൊപ്പം അനിയന്ത്രിതയളവിൽ ഇന്റർനെറ്റ്‌, എസ്എംഎസ് സൗകര്യങ്ങളും ഏഴ് ദിവസത്തേക്ക് ഉപയോക്താക്കൾക്ക് ലഭ്യമാകും.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ നെറ്റ്‌വർക്കും കേരളത്തിന്‌ കൈത്താങ്ങായി എത്തിയിട്ടുണ്ട്. 7 ദിവസത്തേക്ക് ജിയോ ഉപയോക്താക്കൾക്ക് സൗജന്യ ടോക്ക്ടൈമും, ഇന്റർനെറ്റും ഉപയോഗിക്കാനാവുന്നതാണ്. അനിയന്ത്രിത അളവിൽ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താമെന്നാണ് കമ്പനി പറയുന്നത്.

ആദിത്യ ബിർളയുടെ ഉടമസ്ഥതയിലുള്ള ഐഡിയ ഉപയോക്താക്കൾക്ക് അടിയന്തര 10 രൂപയുടെ ടോക് ടൈമും ഒപ്പം ഒരു ജിബി ഡാറ്റയും സൗജന്യമായി നൽകും. നിലവിൽ ഏഴു ദിവസത്തേക്കാണ് കമ്പനി ഈ ഓഫർ നൽകുന്നത്. ഈ സൗകര്യം ഉപയോഗപ്പെടുത്താൻ *150*150# എന്ന് ഡയൽ ചെയ്താൽ മതിയാകും

‘ചോട്ടാ ക്രെഡിറ്റ്‌’ എന്ന പേരിൽ സൗജന്യ ടോക് ടൈമും ഇന്റർനെറ്റ്‌ ഡാറ്റയുമാണ് വോഡഫോൺ നൽകുന്നത്. ടോക് ടൈമായി 30 രൂപയും ഒരു ജിബി ഇന്റർനെറ്റ്‌ ഡാറ്റയുമാകും കമ്പനി നൽകുക. ഇതിനായി വോഡഫോൺ ഉപയോക്താക്കൾ *130*1# എന്ന് ഡയൽ ചെയ്യുകയോ, CREDIT എന്ന് 144 ലേക്ക് മെസ്സേജ് അയക്കുകയോ ചെയ്താൽ മതിയാകും.

ദുരിതബാധിതരെ സഹായിക്കാൻ ഒരു ജിബി ഇന്റർനെറ്റ്‌ ഡാറ്റയും സൗജന്യ കോൾ സൗകര്യവുമാണ് എയർടെൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഒപ്പം പോസ്റ്റ്‌ പെയ്ഡ് ഉപയോക്താക്കൾക്ക് ബില്ല് അടക്കുന്നതിനുള്ള സമയവും നീട്ടിനൽകിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook